പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; ഫയര്‍ഫോഴ്സ് സംഘം തിരച്ചിൽ നിര്‍ത്തി.; സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ പുഴയുടെ ഇരു കരകളിലുള്ളവരോടും അറിയിക്കുവാന്‍ നിര്‍ദ്ദേശം..
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിയെ ഇന്ന് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി തുടരുന്ന തിരച്ചിൽ വൈകീട്ടോടെ അവസാനിപ്പിച്ചു.രണ്ട് ദിവസങ്ങളായി പന്ത്രണ്ട് മണിക്കൂറോളമാണ് ഫയർ ഫോഴ്സ് വിഭാഗം തിരച്ചിൽ നടത്തിയത്. വിദ്യാര്‍ഥിയെ കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കുവാന്‍ പുഴയുടെ ഇരുകരകളിലുള്ളവരോടും ജനപ്രതിനിധികളോടും ഫയര്‍ഫോഴ്സ് സംഘം നിര്ദ്ദേശംനല്കിയിട്ടുണ്ട്. ആദ്യ ദിവസം മുങ്ങല്‍ വിദഗ്ധരുള്‍പ്പെടുന്ന തൃശൂരില്‍ നിന്നുള്ള സ്കൂബാ ടീം എത്തിയിരുന്നുവെങ്കിലും ഇന്ന് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം മാത്രമാണ് തിരച്ചിൽ നടത്തിയത്. കരുവന്നൂര്‍ പുഴയുടെ ഭാഗമായ കാറളം നന്തി വരെ ഇന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഏകദേശം പത്തു കിലോമീറ്ററോളം തിരച്ചിൽ നടത്തിയിട്ടുള്ളതായി ഫയര്‍ഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്. ചിമ്മിനി ഡാം തുറന്നതോടെ പുഴയിലുണ്ടായ ഉയര്‍ന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കരുവന്നൂര്‍ വലിയ പാലത്തിന്റെ പടിഞ്ഞാറേ കൈവരിയുടെ മുകളില്‍നിന്ന് വിദ്യാര്‍ഥി ചാടിയത്. സൈക്കിള്‍ പാലത്തിന്റെ നടപ്പാതയിലേക്ക് കയറ്റിവെച്ച ശേഷമായിരുന്നു ചാട്ടം. ഒന്നിലേറെ തവണ പുഴയില്‍ പല ഭാഗത്തായി കുട്ടിയുടെ കൈകള്‍ ഉയര്‍ന്നു കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ സൈക്കിളില്‍നിന്ന് ഒരു പുസ്തകവും കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഈ പുസ്തകത്തില്‍നിന്നാണ് കുട്ടിയുടെ പേര് അലന് ക്രിസ്റ്റോയാണെന്ന് സൂചന കിട്ടിയിരിക്കുന്നത്. അലന് ക്രിസ്റ്റോ എന്ന പേരും 17 വയസ് പ്രായമുള്ള കുട്ടിയുമാണെന്നറിഞ്ഞതോടെ പോലീസ് സമീപത്തെ എല്ലാ സ്കൂളുകളിലേക്കും സന്ദേശം നല്‍കിയെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയും തുറവന്‍കാട് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകനുമായ അലന് ക്രിസ്റ്റോയെ കാണാനില്ലെന്ന് പോലീസില്‍ പരാതി കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുമുണ്ട്.വീട്ടില്‍നിന്ന് ചുവന്നനിറമുള്ള സൈക്കിളില്‍ രാവിലെ പോയതാണെന്നും ഈ സൈക്കിളാണ് പാലത്തിനു സമീപത്തു നിന്നും കണ്ടെത്തിയിരിക്കുന്നതെന്നും വീട്ടുകാർ പറയുന്നത്. സംശയമുള്ള വിദ്യാര്‍ഥിയുടെ ചിത്രം ദൃക്സാക്ഷികളായവര്‍ക്ക് കാണിച്ചുകൊടുത്തെങ്കിലും പുഴയില്‍ ചാടിയ കുട്ടി മാസ്ക് വെച്ചിരുന്നതിനാല്‍ അവര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ചില്ല.