നാലമ്പല ദർശനം; ആദ്യദിനത്തിൽ തന്നെ പതിനായിരങ്ങൾ; വിവിധ ജില്ലകളിൽ നിന്നായി പതിന്നാല് സർവ്വീസുകളുമായി കെഎസ്ആർടിസി…

നാലമ്പല ദർശനം; ആദ്യദിനത്തിൽ തന്നെ പതിനായിരങ്ങൾ; വിവിധ ജില്ലകളിൽ നിന്നായി പതിന്നാല് സർവ്വീസുകളുമായി കെഎസ്ആർടിസി…

ഇരിങ്ങാലക്കുട: മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീർഥാടനത്തിന് അഭൂതപൂർവ്വമായ തിരക്ക്.മഴയെയും അവഗണിച്ച് ആദ്യ ദിനത്തിൽ തന്നെ പതിനായിരങ്ങളാണ് ദർശനത്തിന് എത്തിയത്.ത്യപ്രയാറിൽ നിന്നാണ് നാലമ്പല ദർശനം ആരംഭിക്കുന്നത്. നാല് ക്ഷേത്രങ്ങളിലും ഭക്തർക്ക് മഴ നനയാതെ വരി  നിൽക്കാനും വഴിപാടുകൾ നടത്താനുമുള്ള സൗകര്യവും എർപ്പെടുത്തിയിരുന്നു. പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെയും പ്രത്യേക വളണ്ടിയർമാരുടെയും സേവനവും ഉറപ്പ് വരുത്തിയിരുന്നു. തീർഥാടകരുടെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യവും എർപ്പെടുത്തിയിരുന്നു.തൃപ്രയാർ ക്ഷേത്രത്തിൽ പുലർച്ചെ 3.30 മുതലാണ് ദർശനം ആരംഭിച്ചത്.കൂടൽമാണിക്യ ക്ഷേത്രത്തിലും 3.30 നാണ് ദർശനം  ആരംഭിച്ചത്. മുഴുവൻ ഭക്തർക്കും ദർശന സൗകര്യം നൽകിയ ശേഷം ഒന്നരയോടെയാണ് അടച്ചത്. മുപ്പതിനായിരത്തിൽ അധികം പേർ ആദ്യ ദിനത്തിൽ പകൽ വരെ എത്തിയതായിട്ടാണ് കണക്കാക്കുന്നതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.പായമ്മൽ ശത്രുഘ്നക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിനാണ് നട തുറന്നത്. ദർശനം മൂന്നരയോടെയോണ് അവസാനിച്ചത്.പായമ്മലിൽ 9000 ത്തോളം പേർ അന്നദാനത്തിൽ പങ്കെടുത്തു. പായമ്മലിൽ രാവിലെ നടന്ന ചടങ്ങിൽ നാലമ്പല തീർഥാടനത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി, വാർഡ് മെമ്പർ ഹൃദ്യ, ദേവസ്വം സെക്രട്ടറി ധില്ലൻ അണ്ടിക്കോട്ട്, സേവാസമിതി പ്രസിഡണ്ട് ക്യഷ്ണൻകുട്ടി ചോലാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

നാലമ്പല തീർഥാടകർക്കായി തിരുവനന്തപുരം, കോട്ടയം ,വയനാട്, മലപ്പുറം, പാലക്കാട്, കരുനാഗപ്പിളളി, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ നിന്നായി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആദ്യദിനത്തിൽ 15 സർവീസുകളാണ് കെഎസ്ആർടിസി നടത്തിയത്.തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും രണ്ട് വീതം സർവീസുകളാണ് നടത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള രണ്ട് സർവീസുകളിലായി  113 തീർഥാടകരാണ് ആദ്യ ദിനത്തിൽ നാലമ്പല ദർശനം നടത്തിയത്.ഇവർക്കായി കൂടൽമാണിക്യദേവസ്വത്തിൻ്റെയും കെഎസ്ആർടിസി യുടെയും ആഭിമുഖ്യത്തിൽ പ്രത്യേക സൗകര്യങ്ങളും എർപ്പെടുത്തിയിരുന്നു.

Please follow and like us: