ലേലം കൊള്ളാൻ ആളില്ല; ഈവനിംഗ് മാർക്കറ്റിന് പൂട്ടിടാൻ തീരുമാനിച്ച് ഇരിങ്ങാലക്കുട നഗരസഭ ;റോഡ് നിർമ്മാണത്തിൻ്റെ അപാകതയെ ചൊല്ലി എഞ്ചിനിയറിംഗ് വിഭാഗത്തിനും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിക്കും പ്രതിപക്ഷ നിരകളിൽ നിന്ന് നിശിത വിമർശനം…
ഇരിങ്ങാലക്കുട: വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് 2005-10 കാലയളവിൽ ആരംഭിച്ച ഈവനിംഗ് മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ നിറുത്താൻ നഗരസഭ യോഗത്തിൽ തീരുമാനം.മാർക്കറ്റിൻ്റെ ഫീസ് പിരിവ് കുത്തകാവകാശത്തിനായുള്ള ലേലത്തിലും പുനർലേലത്തിലും ആരും പങ്കെടുക്കാത്ത സാഹചര്യത്തിലും മാർക്കറ്റിൽ നിന്നുള്ള വരുമാനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലുമാണ് തീരുമാനം.മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ നിറുത്തുന്നതിനെ ആദ്യം ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ അനുകൂലിച്ചെങ്കിലും പിന്നീട് ബിജെപി അംഗങ്ങൾ വിയോജനക്കുറിപ്പ് നല്കി. അടിസ്ഥാനസൗകര്യങ്ങൾ ഒന്നും ഇല്ലാതെ കുടുംബങ്ങൾക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈവനിംഗ് മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് സന്തോഷ് ബോബൻ പറഞ്ഞു.
നഗരസഭയുടെ 2022-23 വർഷത്തെ പദ്ധതിപ്പണം സർക്കാർ വെട്ടിക്കുറച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വാട്ട്സ്അപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദത്തിൻ്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ വിശദീകരണം നല്കണമെന്ന് നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. അജണ്ടകൾക്ക് ശേഷം വിശദീകരിക്കാമെന്ന് ചെയർപേഴ്സൺ പറഞ്ഞെങ്കിലും, പ്ലാക്കാർഡുകളുമായി നിന്നിരുന്ന ബിജെപി അംഗങ്ങൾ വഴങ്ങിയില്ല.2022-23 വർഷത്തെ പദ്ധതി വിഹിതമാണ് സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നതെന്നും വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാമെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. എന്നാൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതവും അവകാശങ്ങളും നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന് എതിരെയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിക്കേണ്ടതെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ, സി സി ഷിബിൻ എന്നിവർ പറഞ്ഞു. കേന്ദ്ര സർക്കാർ കൃത്യമായി നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് നല്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ധൂർത്തിൽ മുഴുകിയിരിക്കുകയാണെന്നും ബിജെപി അംഗം ടി കെ ഷാജു വാദിച്ചു.ഇതേച്ചൊല്ലി എൽഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ അല്പനേരത്തേക്ക് വാക്കേറ്റവുമുണ്ടായി.
25 ലക്ഷം ചിലവിൽ നടത്തിയ കുഴിക്കാട്ടുകോണം – നമ്പ്യാങ്കാവ് റോഡിൻ്റെ നിർമ്മാണം സംബന്ധിച്ച് പൊതുമരാമത്ത് കമ്മിറ്റിക്കും എഞ്ചിനീയറിംഗ് വിഭാഗത്തിനും നേരെ യോഗത്തിൽ എൽഡിഎഫ്, ബിജെപി അംഗങ്ങളിൽ നിന്ന് രൂക്ഷ വിമർശനമുയർന്നു.ഇത് സംബന്ധിച്ച അഴിമതി പുറത്ത് കൊണ്ട് വരണമെന്നും നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രവർത്തിക്കുന്നതായി അനുഭവപ്പെടുന്നില്ലെന്നും നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ പരിശോധിക്കേണ്ട ബാധ്യത പൊതുമരാമത്ത് കമ്മിറ്റിക്ക് ഉണ്ടെന്നും 80 ലക്ഷം രൂപയുടെ പട്ടികജാതി ഫണ്ടും നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.നിർമ്മാണ പ്രവ്യത്തി നടക്കുന്ന സമയത്ത് തന്നെ അപാകതകൾ കരാറുകാരൻ്റെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും ഇത് സംബന്ധിച്ച് വിജിലൻസിൽ പരാതി നല്കിയിട്ടുണ്ടെന്നും ബിജെപി അംഗം ടി കെ ഷാജു പറഞ്ഞു.നിർമ്മാണ പ്രവൃത്തിക്ക് രണ്ട് വർഷത്തെ ഗ്യാരണ്ടി ഉള്ളതാണെന്നും അടിയന്തരമായി അറ്റകുറ്റപ്പണിക്കൾ നടത്താനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ വിശദീകരിച്ചു. മുനിസിപ്പൽ എഞ്ചിനീയറുടെ നേത്യത്വത്തിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് സജീവമാക്കണമെന്നും പരാതി രജിസ്റ്റർ വയ്ക്കണമെന്നും സന്തോഷ് ബോബനും ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗങ്ങളിൽ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ എത്താറില്ലെന്നും ആക്ഷേപമുയർന്നു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗം വിളിച്ചിട്ട് ചെയർമാനെ കാത്ത് ഒരു മണിക്കൂർ ഇരിക്കേണ്ട സാഹചര്യം ഉണ്ടായെന്ന് ബിജെപി അംഗം മായ അജയൻ പറഞ്ഞു.
അജൈവ മാലിന്യശേഖരണത്തിൻ്റെ ഭാഗമായി യൂസർ ഫീ പിരിവ് കാര്യക്ഷമമായി നടത്തുന്നത് സംബന്ധിച്ച് പ്രത്യേക വാർഡ് സഭ വിളിച്ച് ചേർക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.