യുവാവിനെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ…

യുവാവിനെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ…

ഇരിങ്ങാലക്കുട :ആളൂരിൽ പണയ വാഹനം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പുത്തൻചിറ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാലംഗ സംഘം അറസ്റ്റിലായി. പറവൂർ താന്നിപ്പാടം സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മുക്താർ (30 വയസ്സ്),ആളംതുരുത്ത് സ്വദേശികളായ കണ്ണൻചക്കശ്ശേരി വീട്ടിൽ നിസ്സാം ( 30 വയസ്സ് ),കൈതക്കൽ വീട്ടിൽ അൻഷാദ് ( 31 വയസ്സ് ),വടക്കും പുറം കൂട്ടുകാട് സ്വദേശി പൊന്നാഞ്ചേരി വീട്ടിൽ അരുൺ (24 വയസ്സ്) എന്നിവരെയാണ് തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ,ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ അറസ്റ്റു ചെയ്തത്. മെയ് മാസം ഇരുപതാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. ഒന്നാം പ്രതി മുക്താർ വാടകയ്ക്ക് എടുത്ത കാർ ഇയാളുടെ സുഹൃത്ത് കൊണ്ടുപോയി പുത്തൻചിറ സ്വദേശിയായ പരാതിക്കാരന് പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. ഇതറിഞ്ഞ ഒന്നാം പ്രതി പരാതിക്കാരന്റെയടുത്ത് നേരിട്ടെത്തി കാർ കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുപതാം തിയ്യതി കുഴിക്കാട്ടുശ്ശേരിയിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന പരാതിക്കാരനെ കാറിലെത്തിയ പ്രതികൾ തടഞ്ഞു നിറുത്തി ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണയപ്പെടുത്തിയ കാർ കൈക്കലാക്കുകയായിരുന്നു. ഒന്നാം പ്രതി മുക്താർ മുൻപ് പല കേസ്സുകളിലും ഉൾപ്പെട്ടയാളാണ്. സംഭവത്തിൽ ഉൾപ്പെട്ട നാലു പ്രതികളെയും ചൊവ്വാഴ്ച പുലർച്ചെ പറവൂർ, മതിലകം ഭാഗത്തു നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ, എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , പി.വി. നിധീഷ് , കെ.എസ്. ഉമേഷ്, സോണി സേവ്യർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Please follow and like us: