നാലമ്പല തീർഥാടനം; എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടി സർവീസുകൾ; ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് സർവീസുകൾ; സർക്കാരിൻ്റെ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്ത് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട: നാലമ്പല തീർഥാടകർക്കായി ഇത്തവണ എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രത്യേക കെഎസ്ആർടിസി സർവീസുകൾ. മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന നാലമ്പലകോഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് മാത്രമായി മൂന്ന് പ്രത്യേക സർവീസുകളും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തി.സർക്കാരിൻ്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും മന്ത്രി ഉറപ്പ് നല്കി. പ്രത്യേക ക്യൂ സമ്പ്രദായം, പോലീസിൻ്റെയും മെഡിക്കൽ ടീമിൻ്റെയും സേവനങ്ങൾ, പ്രത്യേക വളണ്ടിയർമാർ, അന്നദാനം, പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ,വിശ്രമ സൗകര്യം എന്നിവ ഇത്തവണയും ഉണ്ടാകും.ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ ഈയടുത്ത് ആരംഭിച്ച ആയുർവേദ ചികിത്സ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ ഫസ്റ്റ് എയ്ഡ് കൗണ്ടറും ആറ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.കെഎസ്ആർടിസി സർവീസുകൾ സമയക്രമം പാലിക്കുന്ന കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നാല് ക്ഷേത്രങ്ങളിലെയും വഴിപാട് നിരക്കുകൾ ഏകീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.ഭക്തജനങ്ങൾക്കായുള്ള വിശ്രമകേന്ദ്രങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആവശ്യമുയർന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ, ആർഡിഒ എം എച്ച് ഹരീഷ്, വിവിധ ദേവസ്വം ബോർഡ് കമ്മീഷണർമാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ,നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി,പോലീസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, ഫയർ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ ജെ ഷിജിത്ത് നന്ദിയും പറഞ്ഞു.