മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന രണ്ടംഗ സംഘം പോലീസ് വലയിൽ..
കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ഹാർബറിൽ നിന്നും മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട രണ്ടുപേരെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള പോലീസ് സംഘവും തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘം പിടികൂടി.
മത്സ്യതൊഴിലാളികളായ കൂളിമുട്ടം പൊക്ലായി സ്വദേശികളായ പുന്നക്കതറയിൽ വീട്ടിൽ അരുൺ (35)
കൊട്ടെക്കാട്ട് ഹൗസിൽ സംഗീത് (24)
എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സി ഐ ബ്രിജുകുമാർ, ക്രൈം സ്ക്വാഡ് എസ് ഐ , സുനിൽ പി സി, ഉദ്യോഗസ്ഥരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, സിപിഒ മാരായ നിഷാന്ത്, അരുൺ നാഥ്, വിബിൻ, ശ്യാം കെ ശിവൻ, ഷിന്റോ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മത്സ്യതൊഴിലാളികളായ പ്രതികൾ 2022 ഏപ്രിൽ മാസം മുതലാണ് എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്താൻ തുടങ്ങിയത്. അഞ്ചോളം ബോട്ടുകളിലെ എൻജിനുകൾ ഇത്തരത്തിൽ മോഷ്ടിച്ചു വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.നങ്കൂരമിട്ട് കിടക്കുന്ന ബോട്ടുകളിലേക്ക് വള്ളങ്ങളിൽ ചെന്ന് എൻജിനുകൾ കൈക്കലാക്കി തിരികെ തീരത്തെത്തി കാത്തുകിടക്കുന്ന വണ്ടിയിൽ കയറ്റി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്.ഇത്തരത്തിൽ കിട്ടുന്ന തുക കൊണ്ട് ബോട്ട് സ്വന്തമായി വാങ്ങുന്നതിനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.
എൻജിനുകൾ നഷ്ടപ്പെട്ട ബോട്ടുകളുടെ ഉടമസ്ഥരുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.