അമ്പത് ലക്ഷം രൂപ ചിലവിൽ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു;പൊളിച്ചത് നാലമ്പല തീർഥാടകർ ആശ്രയിക്കുന്ന റോഡ്;പ്രതിഷേധവുമായി പഞ്ചായത്തും പായമ്മൽ ദേവസ്വവും; ഉടൻ പുനർനിർമ്മിക്കുമെന്ന ഉറപ്പുമായി വാട്ടർ അതോറിറ്റി അധികൃതർ…
ഇരിങ്ങാലക്കുട: 50 ലക്ഷം രൂപ ചിലവ് ചെയ്ത് റീ ടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു. പൂമംഗലം പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ച ഒലുപ്പൂക്കഴ-കോടംകുളം റോഡിനാണ് ഈ ദുർവിധി.പടിയൂർ-പൂമംഗലം പഞ്ചായത്തുകളെ ബന്ധപ്പെടുത്തുകയും നാലമ്പല തീർഥാടകർ എറെ ആശ്രയിക്കുകയും ചെയ്യുന്ന റോഡ് കഴിഞ്ഞ മാസം നാലിനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഇരുപത് ദിവസങ്ങൾക്കുള്ളിലാണ് പായമ്മൽ ക്ഷേത്രത്തിൽ നിന്ന് അമ്പത് മീറ്റർ അകലെയുള്ള വളവിൽ റോഡും റോഡിൻ്റെ വശത്തുള്ള കോൺക്രീറ്റും ജല അതോറിറ്റി അധികൃതർ പൊളിച്ചത്.പൊളിച്ച ഭാഗം പഴയ രീതിയിൽ കോൺക്രീറ്റ് ചെയ്ത് പുനസ്ഥാപിക്കാമെന്ന് ജല അതോറിറ്റി അധികൃതർ ഉറപ്പ് നല്കിയിരുന്നുവെങ്കിലും ഇതു വരെ യാഥാർഥ്യമായിട്ടില്ല. ആക്ഷേപങ്ങളെ തുടർന്ന് പൊളിച്ച ഭാഗത്ത് മണ്ണിട്ട് മൂടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പായമ്മൽ ദേവസ്വം സെക്രട്ടറി ധില്ലൻ അണ്ടിക്കോട്ട് പഞ്ചായത്തിലും പോലീസിലും പരാതി നല്കിയിട്ടുണ്ട്. നാലമ്പല തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളുവെന്നും കൂടുതൽ വണ്ടികൾ വരുന്നതോടെ റോഡ് താഴ്ന്ന് പോകുമെന്നും അടിയന്തരമായി പൂർവസ്ഥിതിയിൽ ആക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ള പൈപ്പ് ഇടാൻ വേണ്ടി അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് വാട്ടർ അതോറിറ്റി നടത്തിയതെന്നും മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ഉണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി പറഞ്ഞു. എന്നാൽ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് വീട്ടുകാർക്ക് കണക്ഷൻ നല്കാനാണ് റോഡ് പൊളിച്ചതെന്നും ഇക്കാര്യം പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചിരുന്നുവെന്നും അടുത്ത ദിവസം തന്നെ റോഡ് കോൺക്രീറ്റ് ചെയ്ത് പൂർവസ്ഥിതിയിൽ ആക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.