തീരദേശത്തെ ജനസാഗരമാക്കി മാര്‍തോമാ രക്തസാക്ഷിത്വ ജൂബിലി തീര്‍ത്ഥാടനം; ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി

തീരദേശത്തെ ജനസാഗരമാക്കി മാര്‍തോമാ രക്തസാക്ഷിത്വ ജൂബിലി തീര്‍ത്ഥാടനം; ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി

കൊടുങ്ങല്ലൂർ: മതസൗഹാര്‍ദ്ദവും ക്രൈസ്തവ കൂട്ടായ്മയും വിളംബരം ചെയ്ത് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ആയിരക്കണക്കിനു വിശ്വാസികള്‍ അണിനിരന്ന ഉജ്ജ്വല പദയാത്രയെ തുടര്‍ന്ന് ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലി ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം, മാര്‍ ജോസഫ് കാരിക്കശേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂരിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്നു ആറു കിലോമീറ്റര്‍ പദയാത്രയായി തീര്‍ത്ഥാടകര്‍ അഴീക്കോട് മാര്‍തോമാ തീര്‍ത്ഥകേന്ദ്രത്തിലെത്തി. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതം പറഞ്ഞു.

വിശാലമായ പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക സന്ദേശം വായിച്ചു. തുടര്‍ന്ന്, മൈലാപ്പൂരിലെ മാര്‍തോമാശ്ലീഹായുടെ കബറിടത്തില്‍ നിന്നു കൊണ്ടുവന്ന ദീപശിഖയില്‍ നിന്നു വിശ്വാസികള്‍ക്ക് ദീപം പകര്‍ന്നു നല്‍കി. വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികള്‍ ഉയര്‍ത്തിപ്പിടിച്ചു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പിതാവിനോടൊപ്പം വിശ്വാസ പ്രതിജ്ഞ ഏറ്റുചൊല്ലി. ജൂബിലിയോടനുബന്ധിച്ചു ഫ്രാന്‍സിസ് പാപ്പ അനുവദിച്ച പ്രത്യേക ദണ്ഡവിമോചന രേഖ സിഎംഐ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവിസ് പനക്കല്‍ വായിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള കുര്‍ബാനയില്‍ മെത്രാന്മാരും വൈദികരുമായി 72 പേര്‍ സഹകാര്‍മികരായി.

ആത്മീയരംഗത്തും ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിലും പതിറ്റാണ്ടുകളായി നിസ്തുല സേവനം ചെയ്യുന്ന കേരളത്തിലെ കത്തോലിക്കാ സഭാ സമൂഹം സാര്‍വത്രിക സഭയ്ക്ക് അഭിമാനകരമാണെന്ന് ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്തുസന്ദേശം പകര്‍ന്നു നല്‍കുന്ന സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രാവിലെ കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, മുവാറ്റുപുഴ സീറോ മലങ്കര ബിഷപ് എമരിറ്റസ് ഏബ്രഹാം മാര്‍ ജൂലിയോസ് തുടങ്ങിയവര്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തു. ചേരമാന്‍ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലി നദ്വി, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പരമ്പരാഗത മേല്‍ശാന്തി സത്യധര്‍മ്മന്‍ അടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷിക സൂചനയായി രൂപതയിലെ 66,000 വിശ്വാസികളെ പ്രതിനിധീകരിച്ചു പുഷ്പമുടി ധരിച്ച 1950 വിശ്വാസ പ്രേഷിതര്‍, പേപ്പല്‍ പതാകയേന്തിയ വിശ്വാസികള്‍, മാര്‍തോമാ കബറിടത്തില്‍ നിന്നു കൊളുത്തിയ ദീപം വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച രഥം തുടങ്ങിയവ പദയാത്രയില്‍ അണിനിരന്നു.

മാര്‍തോമാ കബറിടത്തില്‍ നിന്നു കൊണ്ടുവന്ന മണ്ണും അദ്ദേഹത്തിന്റെ ചിത്രവുമടങ്ങിയ തിരുശേഷിപ്പ് അല്‍മായ പ്രതിനിധികള്‍ക്ക് നല്‍കി വിതരണ ഉദ്ഘാടനം നടത്തി.

രക്തസാക്ഷിത്വ ജൂബിലിയോടനുബന്ധിച്ചു രൂപത നൂറോളം പേര്‍ക്ക് ഡയാലിസിസിനു നല്‍കുന്ന സഹായത്തിന്റെ വിതരണ ഉദ്ഘാടനവും വേദിയില്‍ നടന്നു.

തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ച ഭക്ഷണവും മാര്‍ തോമാശ്ലീഹായുടെ വലതുകരത്തിന്റെ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും പങ്കെടുത്ത തീര്‍ത്ഥാടനത്തിനു വികാരി ജനറല്‍ മോണ്‍. ജോയ് പാലിയേക്കര, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോസ് മഞ്ഞളി, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, റെക്ടര്‍ ഫാ. ഡേവിസ് കാച്ചപ്പിള്ളി, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Please follow and like us: