ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒന്നും മൂന്നും പ്രതികൾ അറസ്റ്റിൽ; രണ്ടാം പ്രതിയായ എടപ്പാൾ സ്വദേശി ഒളിവിൽ; ഇതിനകം ലഭിച്ചത് 80 പരാതികൾ…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിൽ കുന്നംകുളം, ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. ഒന്നാം പ്രതി കുന്നംകുളം കിടങ്ങൻ വീട്ടിൽ മിജോ കെ മോഹൻ (31), മൂന്നാം പ്രതി ഇരിങ്ങാലക്കുട ചക്കാലക്കൽ വീട്ടിൽ സുമേഷ് ആൻ്റണി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി എടപ്പാൾ സ്വദേശി ആസിഫ് ഒളിവിലാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിലിനായി വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും തൃശ്ശൂർ റൂറൽ എസ്പി ഐശ്യര്യ ഡോംഗ്രേ ഐപിഎസ് ,ഡിവൈഎസ്പി ബാബു കെ തോമസ് എന്നിവരുടെ നിർദ്ദേശ പ്രകാരം കാട്ടൂർ സി ഐ മഹേഷ്കുമാർ ,എസ് ഐ മാരായ ഷാജൻ എം എസ്, സി എം ക്ലീറ്റസ് ,എഎസ്ഐ മാരായ ശ്രീധരൻ, സേവ്യർ, ജസ്റ്റിൻ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആൽത്തറക്കടുത്ത് പ്രവർത്തിക്കുന്ന എമിഗ്രോ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് എൺപതിൽ അധികം പേരിൽ നിന്ന് ലക്ഷങ്ങളാണ് പ്രതികൾ വാങ്ങിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.മൂന്ന് പ്രതികളും പട്ടണത്തിൽ ഈയടുത്ത് ആരംഭിച്ച എമിഗ്രോ സൂപ്പർ മാർക്കറ്റിൻ്റെ മാനേജിംഗ് പാർട്ണർമാരാണ്. അഞ്ച് കോടിയിൽ അധികം രൂപ പിരിച്ചെടുത്തിട്ടുള്ളതായിട്ടാണ് പോലീസ് കണക്കാക്കുന്നത്. എൺപതോളം പരാതികൾ ഇതിനകം പോലീസിൽ ലഭിച്ചിട്ടുണ്ട്. അഞ്ച് കേസുകളാണ് ഇവരുടെ പേരിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശദമായ അന്വേഷണം പോലീസ് നടത്തി വരികയാണ്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.