വിധിയെ തോല്‍പ്പിച്ച് മഞ്ജു കര്‍മ്മപഥത്തില്‍; നിർണ്ണായകമായത്
നിപ്മറിലെ ചികിൽസ….
ഇരിങ്ങാലക്കുട: അപകടത്തിൽ നട്ടെല്ല് തളര്‍ന്ന് രണ്ടു വര്‍ഷത്തോളം കിടപ്പിലായിരുന്ന മഞ്ജു തിരികെ ജോലിയിലേക്ക്. 2020 ജൂണില്‍ ഇരിങ്ങാലക്കുട ജംഗ്ഷനിൽ സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മഞ്ജുവിനെയും ഭര്‍ത്താവിനെയും. ബോധരഹിതരായ ഇരുവരെയും ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയ്ക്കു ശേഷമാണ് മഞ്ജുവിന് സ്പൈനല്‍കോഡ് ഇന്ജ്വറിയെന്നു സ്ഥിരീകരിച്ചത്.
ഇരിങ്ങാലക്കുട കാനറാ ബാങ്കിലെ പ്യൂണായിരുന്നു മഞ്ജു. കിടപ്പിലായതോടെ മഞ്ജുവിനും ശുശ്രൂഷിക്കാന്‍ നിന്നതോടെ ഭര്‍ത്താവിനും ജോലിയ്ക്ക് പോകാനാകാതെ വന്നു. തുടര്‍ന്ന് വീട് വയ്ക്കാന്‍ സ്വരുകൂട്ടിയ പണം കൊണ്ടായി ജീവിതവും ചികിത്സയും. ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാകുമെന്ന പ്രതീക്ഷ പോലുമില്ലാത്ത മാനസികാവസ്ഥയിലായിരുന്നു മഞ്ജുവും കുടുംബവും. വിവിധ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം ഇരിങ്ങാലക്കുട നിപ്മറിലെത്തിയതു വഴിത്തിരിവായി. അവിടെ ഡോ. സിന്ധുവിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടെങ്കിലും പഴയ ഒരു ജീവിതത്തിലേയ്ക്ക് പോകാന്‍ കഴിയുമെന്നോ വീണ്ടും ജോലി ചെയ്യാന്‍ സാധിക്കുമെന്നോ ഉള്ള ആത്മവിശ്വാസം തീരെയില്ലാത്ത അവസ്ഥയിലായിരുന്നു മഞ്ജു. ഈ സമയത്താണ് ഭിന്നശേഷി മേഖലയില്‍ സന്നദ്ധ സേവനം നടത്തുന്ന ഫൗണ്ടേഷന് ഫോര്‍ ഇൻ്റർനാഷണIൽ റീഹാബിലിറ്റേഷന്‍ റിസേര്‍ച്ച് ആന്‍ഡ് എംപവര്‍മെന്റ് (ഫയര്‍) മഞ്ജുവിന്റെ അവസ്ഥയറിയുന്നത്. നിയോമോഷന്റെ സഹകരണത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് മോട്ടോര്‍ സ്കൂട്ടര്‍ സൗജന്യമായി ഫയര്‍ മഞ്ജുവിന് നല്‍കുകയായിരുന്നു. ഈ അവസ്ഥയിലും ജോലിയ്ക്ക് പോകാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നത് ഫയര്‍ പ്രവര്‍ത്തകരാണെന്ന് മഞ്ജു പറഞ്ഞു. സ്കൂട്ടര്‍ കിട്ടിയെങ്കിലും റാംപില്ലാത്തതിനാല് ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെ കോണത്തുകുന്ന് ബ്രാഞ്ചിലേയ്ക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ നല്‍കിയതോടെ മഞ്ജുവിന്റെ ജീവിത വിജയത്തിന് പ്രതീക്ഷ മുളയ്ക്കുകയായിരുന്നു. നട്ടെല്ല് തളര്‍ന്നിട്ടും വിധിയെ തോല്‍പ്പിച്ച മഞ്ജുവിന്റെ ഏറ്റവും വലിയ ലക്ഷ്യം ഒരു വീടാണ്. വീടിനു വച്ച പണമായിരുന്നു ആക്സിഡന്റ് അപഹരിച്ചത്. ഇതു തിരിച്ചു പിടിയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മഞ്ജുവിന്ന്. കൊടുങ്ങല്ലൂര്‍ എല്‍ത്തുരുത്ത് കാട്ടുപറമ്പില്‍ മനോജാണ് ഭര്‍ത്താവ്. അഭിനവ്, സ്വാതി എന്നിവര്‍ മക്കളാണ്.