മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ;പിടികൂടിയത് മുന്നൂറോളം കുപ്പികളിലായി കടത്തിയ നൂറ്റി അൻപത് ലിറ്ററോളം മദ്യം….
ചാലക്കുടി: കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയ ആളെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി.
നിരവധി മദ്യക്കടത്ത് കേസുകളിലെ പ്രതിയായ മാഹി അഴിയൂർ വൈദ്യർകുന്നിയിൽ വീട്ടിൽ രാജേഷ് (37 വയസ്) ആണ് പിടിയിലായത്.
ഒന്നരമാസം മുൻപ് ചാലക്കുടി ഡിവൈഎസ്പിയും സംഘവും ജില്ലാതിർത്തിയായ പൊങ്ങത്ത് അതിരാവിലെ വാഹന പരിശോധന നടത്തവേ അമിത വേഗതയിൽ ഒരു ആഢംബര കാർ കൈകാണിച്ചിട്ടും നിർത്താതെ പോയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലാവുന്നത്.
വാഹനത്തിന്റെ പ്രത്യേകതകൾ വച്ച്
അന്വേഷണ സംഘം മാഹിവരെ എത്തിയിരുന്നു. ഇതിനെ തുടർന്ന് രാജേഷാണ് കാർ ഓടിച്ചിരുന്നതെന്ന് മനസിലാക്കി പ്രത്യേകാന്വേഷണ സംഘം മാഹിയിൽ തങ്ങി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു പിന്തുടർന്ന് ചാലക്കുടിയിൽ വച്ച് പിടികൂടിയത്.
പ്രത്യേകാന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിനെ കൂടാതെ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൾഖാദർ, സജി വർഗീസ്, പ്രൊബേഷനറി സബ് ഇൻസ്പെക്ടർ ശ്രീദേവി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ഷിബുസി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു കെ.ഒ, ജെസ്ലിൻ, ഹൈടെക് സെൽ സിപിഒ മാരായ അതുൽ ഒ.ആർ, ജിതിൻ പി. സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബിജു ഒ.എച്ച് എന്നിവരാണ് ഉണ്ടായിരുന്നത്.
ചാലക്കുടി കോടതി ജംഗ്ക്ഷനിൽ വച്ചാണ് രാജേഷ് സഞ്ചരിച്ചു വന്നിരുന്ന വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചത്. കാറിന്റെ ഡിക്കിയിൽ കാർട്ടണുകളിൽ നിറച്ച് ചാക്കു കൊണ്ട് മറച്ചാണ് മദ്യ കുപ്പികൾ കടത്തിയിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിരവധി തവണ ഇത്തരത്തിൽ മദ്യം കടത്തിയിട്ടുള്ളതായും നാലോളം എക്സൈസ് കേസുകളിൽ പ്രതിയാണ് താനെന്നും രാജേഷ് സമ്മതിച്ചു. എറണാകുളം ജില്ലയിലേക്കാണ് ഇയാൾ മദ്യം കടത്തിയിരുന്നതെന്നാണ് അറിയിച്ചത്.
പിടിയിലായ രാജേഷിനെ വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.