650 സംരംഭകരെ പങ്കെടുപ്പിച്ച് വെള്ളാങ്ങല്ലൂരിൽ സംരംഭക ശില്പശാല : സംസ്ഥാനത്ത് ആദ്യം…
ഇരിങ്ങാലക്കുട: “എന്റെ തൊഴിൽ എന്റെ അഭിമാനം ” എന്ന പേരിൽ സംസ്ഥാനത്ത് ആകെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സംരംഭക ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിൽ ആദ്യമായി 650 സംരംഭകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോണത്ത്കുന്നിലെ എം ഡി കൺവെൻഷൻ സെന്ററിൽ വച്ചാണ് നടന്നത്. വ്യവസായ വകുപ്പിലെ വിവിധ പദ്ധതികൾ, സേവനങ്ങൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ കെ പി അജിത്കുമാർ ക്ലാസ് നയിച്ചു. ഉച്ചതിരിഞ്ഞ് സംരംഭകർക്കുള്ള വായ്പകൾ, സബ്സിഡികൾ, സഹായങ്ങൾ എന്ന വിഷയത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി ക്ലാസെടുത്തു. തുടർന്ന് സ്ത്രീ ശാക്തീകരണം മാനവികതയുടെ കരുതൽ എന്ന വിഷയത്തിൽ യുറീക്ക എഡിറ്റർ മീരാബായി ടീച്ചർ ക്ലാസെടുത്തു.
എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 5 പഞ്ചായത്തുകളിലും കൂടി 590 തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ 190 സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുമായാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. ശില്പശാലയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ സംരംഭകത്വത്തിന് ധനസഹായം എന്ന പദ്ധതി കൂടി ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മുകേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു, കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ രാധാകൃഷ്ണൻ.കെ, കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സെബി.വി.എ എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ചെയർപേഴ്സൻ ഗീതാഞ്ജലി സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജൻ പൂപ്പത്തി നന്ദിയും പറഞ്ഞു.