കേരള സർക്കാർ പ്രഥമ വയോസേവന പുരസ്കാര നേട്ടത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ.
തൃശ്ശൂർ:കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്കാരനേട്ടം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മെയിന്റനൻസ് ട്രൈബ്യൂണൽ, സന്നദ്ധ സംഘടന, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കും കായികരംഗം, കലാ സാഹിത്യ സാംസ്കാരിക രംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങൾക്കും ആജീവനാന്ത നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കുമായി ഒമ്പത് ഇനങ്ങളിലായാണ് പ്രഥമ വയോസേവന പുരസ്കാരങ്ങൾ സമ്മാനിച്ചത്.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ “മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള സംസ്ഥാനതല ബോധവത്കരണ ദിനാചരണവും വയോസേവന അവാർഡ് 2021 സമർപ്പണവും ജൂൺ 15 ന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ വെച്ച് സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിന്റെ ഉദ്ഘാടനവും വയോസേവന പുരസ്കാരസമർപ്പണവും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ എം.എച്ച്.ഹരീഷ്, മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ, സെക്ഷൻ ക്ലാർക്ക് കസ്തുർബായ്.ഐ.ആർ, റവന്യു ജീവനക്കാരായ രഞ്ജിത.എൻ, ഫ്രാൻസിസ്.എം.കെ എന്നിവരുടെ സംഘം വയോസേവന പുരസ്കാരവും പ്രശംസാപത്രവും ഏറ്റുവാങ്ങി.
ഏറ്റവും മികച്ച രീതിയിൽ വയോജന സംരക്ഷണ നിയമം 2007 നടപ്പിലാക്കിയതിനും, വയോജന സംരക്ഷണ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമായി കാഴ്ചവെച്ചതിനുമാണ് കേരളത്തിലെ 27 മെയിന്റനൻസ് ട്രൈബ്യൂണലുകളിൽ നിന്നും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.