ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ അത്യാധുനിക മൊബൈൽ വാട്ടർ ടെണ്ടർ യൂണിറ്റ് കൂടി…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ അത്യാധുനിക മൊബൈൽ വാട്ടർ ടെണ്ടർ യൂണിറ്റ് (എംടിയു) കൂടി .സംസ്ഥാനത്തെ അഗ്നി രക്ഷാനിലയങ്ങൾക്കായി അനുവദിച്ച 22 എംടിയു കളിൽ ഒന്നാണ് ഇരിങ്ങാലക്കുടയിലേക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലയിൽ പുതുക്കാടേക്ക് അടക്കം അനുവദിച്ച രണ്ട് എംടിയു കളിൽ ഒരെണ്ണമാണ് ഇരിങ്ങാലക്കുടയിലേക്ക് ലഭിച്ചിരിക്കുന്നത്.ജിപിഎസ് ലൊക്കേഷൻ വിത്ത് ടാബ്, റിയർവ്യൂ ക്യാമറ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനമാണ് എംടിയു. 5000 ലിറ്റർ വെള്ളം കൊള്ളാവുന്ന എഴ് വീപ്പകളും 60 മീറ്റർ ദൂരെ വരെ വെളളം പമ്പ് ചെയ്യാൻ സാധിക്കുന്ന യൂണിറ്റും ഉയരം കൂടിയ ഭാഗത്ത് ഉണ്ടാകുന്ന അഗ്നിബാധ ചെറുക്കാൻ പ്രാപ്തമായ മോണിറ്ററിംഗ് യൂണിറ്റും വാഹനത്തിൻ്റെ സവിശേഷതയാണ്. പമ്പ് ചെയ്യുന്ന സമയത്ത് ജലത്തിൻ്റെ അളവ് അറിയാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.ഇതോടെ ഇരിങ്ങാലക്കുട അഗ്നി രക്ഷാ നിലയത്തിലുള്ള എംടിയുകളുടെ എണ്ണം മൂന്നായി.ഇത് കൂടാതെ വാട്ടർ ലോറി, ആംബുലൻസ്, ഫസ്റ്റ് റെസ്പോൻസ് വെഹിക്കിൾ, ബുള്ളറ്റ് എന്നിവയും രക്ഷാപ്രവർത്തനങ്ങൾക്കായി കൂട്ടായി ഉണ്ട്. ഓരോ മാസവും ശരാശരി 20 കോളുകളാണ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നത്. നിലവിൽ സ്റ്റേഷൻ ഓഫീസർ അടക്കം 29 പേരാണ് വിവിധ തസ്തികകളിലായി ഉള്ളത്.പുതിയതായി അനുവദിച്ച മൊബൈൽ വാട്ടർ ടെണ്ടർ യൂണിറ്റ് ഈ മാസം 25 ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യും.