പടിയൂർ പഞ്ചായത്തിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു;തെരുവുനായ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ…

പടിയൂർ പഞ്ചായത്തിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു;തെരുവുനായ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ…

ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായിട്ടാണ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പോത്താനി ശിവക്ഷേത്രം, അന്നമ്മ ബസ് സ്റ്റോപ്പ് എന്നിവയുടെ പരിസരങ്ങളിൽ വച്ച് കടിയേറ്റത്. പോത്താനി സ്വദേശികളും എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ വിദ്യാർഥികളുമായ കോച്ച വീട്ടിൽ നസീറിൻ്റെ മകൾ സഫ ഫാത്തിമ (7),ചിറ്റൂർ വീട്ടിൽ ഗിരീഷിൻ്റെ മകൻ ശ്രീക്കുട്ടൻ (17), പള്ളിത്തോട്ടുങ്ങൽ റാഫിയുടെ മകൾ നിസ്രിയ (16), കമ്മട്ടിത്തറ സന്തോഷ് കുമാറിൻ്റെ മകൻ ആഷിൻ (9) എന്നിവർക്കും പള്ളിത്തോട്ടുങ്ങൽ ഷാഫിയുടെ ഭാര്യ ഷമീജ (32) ക്കുമാണ് കടിയേറ്റത്.ഇവരിൽ ശ്രീക്കുട്ടൻ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും ബാക്കി നാല് പേരും തൃശ്ശുർ മെഡിക്കൽ കോളേജിലും ചികിൽസ തേടി. ചികിൽസക്ക് ശേഷം എല്ലാവരും വീടുകളിൽ തിരിച്ചെത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനും കടിയേറ്റവരുടെ കുടുംബങ്ങൾക്ക് ചികിൽസ സഹായം അനുവദിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടർക്ക് നിവേദനം നല്കിയിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Please follow and like us: