തൃപ്രയാർ – കാട്ടൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം;പഞ്ചായത്തുകളിലും സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം…
ഇരിങ്ങാലക്കുട: തൃപ്രയാർ, കാട്ടൂർ, മൂന്നുപീടിക ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ ഠാണാവിൽ പോകാൻ നടപടികൾ സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി. നിരന്തരമായ പരാതികൾ ഉണ്ടായിട്ടും ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. വിഷയം ജില്ലാ കളക്ടർ, ആർടിഎ, ആർടിഒ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ട് വരാനും യോഗം തീരുമാനിച്ചു.
സുഭിക്ഷ മാത്യകയിൽ പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യകരവും ശുചികരവുമായ ഭക്ഷണം ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു.
കാറളം പഞ്ചായത്തിൽ കോഴിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഒൻപത് വീട്ടുകാരെ മാറ്റി പാർപ്പിക്കാനുള്ള ധനസഹായം ലഭ്യമാക്കണമെന്ന് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ആവശ്യപ്പെട്ടു. വേളൂക്കര പഞ്ചായത്തിൽ ക്യഷി ഭവന് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
കാട്ടൂർ പൊഞ്ഞനത്ത് കുടിവെള്ള പൈപ്പുകളിലെ ചോർച്ച തടയാൻ ഇതുവരെ നടപടികൾ ആയിട്ടില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
പുതുക്കാട് എംഎൽഎ യുടെ പ്രതിനിധി എ വി ചന്ദ്രൻ, ടി എൻ പ്രതാപൻ എം പി യുടെ പ്രതിനിധി ടി വി ചാർലി, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ലത സഹദേവൻ, ഷീജ പവിത്രൻ ,പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.