വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ…
കൊടകര: കൊടകരയിൽ ഓൺ ബോർഡ് എവിയേഷൻ എന്ന സ്ഥാപനം നടത്തി, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളുടെ കൈയിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വർഷങ്ങളായി വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമായി മുങ്ങി നടന്നിരുന്ന തൃശൂർ പൂത്തോൾ പരിക്കുന്നത്ത് അബുദുൾ മുത്തലീബ് മകൻ ഷബിർ അലിയെ (39 വയസ്) കൊടകര പോലീസ് ഇൻസ്പെക്ടർ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തു.
പത്ത് വർഷത്തോളമായി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷബീർ അലിയെ പിടിക്കുന്നതിനായി കൊടകര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് തമിഴ്നാട് കമ്പം, തിരുനെൽവേലി കർണ്ണാടകയിലെ മംഗലാപുരം, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് തൃശൂരുള്ള ആംഡബര ഹോട്ടലിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് തൃശൂർ ഈസ്റ്റ് പോലീസിൻ്റെ സഹായത്തോടെ കൊടകര പോലിസ് അതിസാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിക്കവേ പോലീസ് പിന്തുടരുന്നത് മനസിലാക്കിയതിനാലാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തൃശൂരിലെത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾ അവരെ ഉപേക്ഷിച്ച് മറ്റൊരു യുവതിയോടൊപ്പമാണ് ആഢംബര ഹോട്ടലുകളിൽ ആർഭാട ജീവിതം നയിച്ചിരുന്നത്.
ഷബീർ അലിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ മാരായ അനൂപ് .പി.ആർ., ജൂനിയർ എസ് . ഐ അനീഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെകടർ ദീലീപ്. കെ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു.എം.എസ്, ഷാജു ചാതേലി, ബിനു വർഗ്ഗീസ്, സിവിൽ പോലീസ് ഓഫിസർ മനീഷ് എന്നിവരുണ്ടായിരുന്നു.