സ്കൂളുകളുടെ സമഗ്രവികസനത്തിനായി അക്കാദമിക് മാസ്റ്റർ പ്ലാനിന് രൂപം നല്കാൻ പ്രധാനധ്യാപകരുടെയും പിടിഎ പ്രസിഡണ്ടുമാരുടെയും യോഗത്തിൽ തീരുമാനം;സ്കൂൾ തുറക്കലിന് മുന്നോടിയായി മെയ് 31 വരെ ശുചീകരണ പ്രവർത്തനങ്ങൾ…
ഇരിങ്ങാലക്കുട: ഓരോ സ്കൂളിൻ്റെയും സാഹചര്യങ്ങൾ അനുസരിച്ച് അക്കാദമിക് മാസ്റ്റർ പ്ലാനിന് രൂപം നല്കാൻ തീരുമാനം. രണ്ട് വർഷത്തെ അടച്ചിടലിന് ശേഷം ജൂൺ 1 ന് പൂർണ്ണമായ രീതിയിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൻ്റെ മുന്നോടിയായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഓഫീസർ വിളിച്ച് ചേർത്ത പ്രധാനധ്യാപകരുടെയും പിടിഎ പ്രസിഡണ്ടുമാരുടെയും യോഗത്തിലാണ് തീരുമാനം. ജൂൺ 1 ന് മുമ്പായി സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നെസ്സ് ഉറപ്പു വരുത്താനും സ്കൂളും പരിസരങ്ങളും മുഴുവൻ ക്ലാസ്സ് മുറികളും അടുക്കളയും കുടിവെള്ള ടാങ്കും ടോയ്ലറ്റുകളും ശുചീകരിക്കാനും പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കാനും തീരുമാനമായി. ജൂൺ 1 ന് ജില്ല, മുനിസിപ്പൽ, ബ്ലോക്ക്, സ്കൂൾ തലങ്ങളിൽ പ്രവേശനോൽസവം നടത്തും.ഉച്ചഭക്ഷണ വിതരണത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയാക്കും. മുൻ അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും പൊതുസമൂഹത്തിൻ്റെയും സഹായത്തോടെ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും.
ലിറ്റിൽ ഫ്ളവർ സ്കൂളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡിഇഒ എൻ ഡി സുരേഷ് അധ്യക്ഷത വഹിച്ചു.എച്ച് എംസ് ഫോറം കൺവീനർ ആൻസൻ മാസ്റ്റർ, ഡയറ്റ് ലക്ചററർ മിനി ചെറിയാൻ, അബ്ദുൾ മുജീബ് മാസ്റ്റർ, സിസ്റ്റർ മേബിൾ എന്നിവർ സംസാരിച്ചു