കൂടൽമാണിക്യ ക്ഷേത്രോൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്..

കൂടൽമാണിക്യ ക്ഷേത്രോൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്..

ചാലക്കുടി: ആചാരനുഷ്ഠാനങ്ങളാൽ സമ്പന്നമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ഭക്തിസാന്ദ്രം.ഞായറാഴ്ച രണ്ടരയോടെ നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ട് കടവിലാണ് ചടങ്ങുകൾ നടന്നത്. മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിന് എത്തിയത്.ആചാരപ്രകാരം കൂടപ്പുഴ മരത്തോമ്പിള്ളി മനയിൽ പറയെടുപ്പു നടത്തി.ആറാട്ടുകടവിലെ പടവുകളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ പൂജകൾ നടത്തി. പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി നേത്യത്വം നല്കി. ഉരുളിയിൽ തിടമ്പുവച്ചാണ് സംഗമേശ്വരൻ്റെ ആറാട്ടു നടത്തിയത്.ഭഗവാനൊപ്പം നൂറ് കണക്കിന് ഭക്തർ ശരണം വിളികളോടെ ആറാട്ടുമുങ്ങി .മൂന്ന് പ്രാവശ്യം പൂജകളും ആറാട്ടും നടത്തി.ആറാട്ടിന് ശേഷം കൂടപ്പുഴ എൻഎസ്എസ് കരയോഗത്തിൻ്റെ വക പ്രസാദവിതരണവും നടന്നു.

രാവിലെ പത്ത് മണിയോടെ വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരൻ്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിൻ്റെ കിഴക്കേ നടപ്പുരയിൽ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിർത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലി കല്ലിൽ ബലി തൂവി ,കൊടിമരത്തിന് പ്രദക്ഷിണം ചെയ്ത് കയ്യിലേന്തിയ വിഗ്രഹവുമായി മേൽശാന്തി പ്രദക്ഷിണം പൂർത്തിയാക്കി.തുടർന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്ത് കയറ്റി കിഴക്കേ ഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. അകമ്പടി സേവിക്കാൻ തോക്കുമായി പോലീസ് പുറത്ത് കാത്തു നിന്നു. തുടർന്ന് മൂന്നാനകളോടൊപ്പം ചാലക്കുടി കൂടപ്പുഴയിലേക്ക് പുറപ്പെട്ട ഭഗവാനെ നൂറു കണക്കിന് ആളുകൾ അനുഗമിച്ചു. വഴി നീളെ ഭക്തരുടെ നിറപറയോടെയുള്ള സ്വീകരണത്തിന് ശേഷമാണ് കൂടപ്പുഴയിൽ എത്തിയത്.

ഓരോ വർഷവും മാറി മാറി രണ്ട് പുഴകളിൽ ആറാട്ട് നടക്കുന്നു എന്ന പ്രത്യേകത ഇവിടെയുണ്ട്. ക്ഷേത്രത്തിന് പതിനാലോളം കിലോമീറ്റർ അകലെയുള്ള ചാലക്കുടി കൂടപ്പുഴയിലും രാപ്പാൾ കടവിലുമാണ് മാറി മാറി ഓരോ വർഷവും സംഗമേശ്വരൻ്റെ ആറാട്ട്.

ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ എം സുഗീത, ഭരണ സമിതി അംഗങ്ങൾ എന്നിവരും കൂടപ്പുഴയിൽ എത്തിയിരുന്നു.

Please follow and like us: