കൂടൽമാണിക്യ ക്ഷേത്രോത്സവം;ഭക്തി സാന്ദ്രമായി പളളിവേട്ട ചടങ്ങുകളും..
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. തിന്‍മയുടെ പ്രതീകമായ ദുഷ്ടമ്യഗത്തെ വേട്ടയാടി നശിപ്പിക്കുതിനായിട്ടാണ് ഭഗവാന്‍പള്ളിവേട്ടയ്ക്കെഴുന്നള്ളുന്നുവെന്നതാണ് വിശ്വാസം. രാത്രി എട്ടരയോടെ കൊടിമരചുവട്ടില്‍ പാരമ്പര്യ അടിയന്തിര മാരാരായ വടക്കൂട്ട് മാരാത്ത് രവീന്ദ്രമാരാര്‍ വലിപാണി കൊട്ടി, ഭഗവാന്‍ പുറത്തേക്ക് എഴുന്നള്ളി. ചമയങ്ങളോ, ചങ്ങലകളോ ഇല്ലാതെ അഞ്ച് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാന്‍ ആനപ്പുറത്ത് എഴുന്നള്ളിയത്. പാറന്നൂർ നന്ദൻ തിടമ്പേറ്റി. കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലിസ് സേന റോയല്‍ സെല്യൂട്ട് നല്‍കി. ആല്‍ത്തറയ്ക്കല്‍ എത്തി ബലി തൂകിയശേഷം ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നികോലത്തില്‍ പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടി നായര്‍ അമ്പെയ്ത് വിഴ്ത്തി. മുളയത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ സഹായിയായി. അമ്പെയ്ത ശേഷം കൊറ്റയില്‍ തറവാട്ടിലെ പ്രതിനിധി പന്നിയുടെ രൂപം തലയില്‍ വെച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. പള്ളിവേട്ടയ്ക്ക് ശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന്‍ തിരിച്ചെഴുള്ളി. പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പൻ മാരാരും സംഘവും നേത്യത്വം നല്‍കി.