കൂടൽമാണിക്യ ക്ഷേത്രോൽസവം; ഭക്തി സാന്ദ്രമായി ശ്രീരാമപട്ടാഭിഷേകം കഥകളി..
ഇരിങ്ങാലക്കുട: അവതരണം കൊണ്ടും ഭക്തജന പങ്കാളിത്തം കൊണ്ടും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി ശ്രദ്ധേയമായി. അവതരണത്തില്‍ ഏറെ പ്രത്യേകതകളുള്ള ഈ കഥകളി ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയമാണ് അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്കുപോലും മനസിലാക്കുവാനും രസിക്കുവാനും കഴിയുന്ന രീതിയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിനായര് രചിച്ച ആട്ടക്കഥയാണ് ശ്രീരാമ പട്ടാഭിഷേകം. വലിയവിളക്ക് ദിവസം അര്‍ദ്ധരാത്രിയില്‍ കലാനിലയം വഴിപാടായിട്ടാണ് കഥകളി അവതരിപ്പിച്ചത്. സദനം ക്യഷ്ണൻകുട്ടി ശ്രീരാമനായും, കലാമണ്ഡലം വിജയകുമാർ സീതയായും കലാനിലയം രാഘവന് ഭരതനായും, കലാനിലയം ഗോപി ഹനുമാനായും അരങ്ങിലെത്തി. വഞ്ചിപ്പാട്ടടക്കം കേരളീയത തുളുമ്പുന്ന നിരവധി സംഭവങ്ങള്‍ ഈ കഥകളിയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങി കഥകളിയിലെ എല്ലാ വേഷങ്ങളും അരങ്ങിലെത്തുന്നതും ഇതിന്റെ പ്രത്യേകതയാണ്. രാവണനെ വധിച്ച് സീത അഗ്നിശുദ്ധി വരുത്തിയശേഷം സീതാ-രാമസംഗമത്തോടെയാണ് പട്ടാഭിഷേകം കഥകളി ആരംഭിക്കുന്നത്. ഹനുമാന്-ഹുനന്‍ സംവാദം, ഭരതന്റെ അഗ്നിപ്രവേശനശ്രമം, ഭരത-ഹനുമാന് സംഭാഷണം, തുടര്‍ന്ന് ശ്രീരാമപട്ടാഭിഷേകം എന്നി രംഗങ്ങളാണ് അരങ്ങേറിയത്. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് പട്ടാഭിഷേകം കഥകളി അവസാനിച്ചത്. ശ്രീരാമപട്ടാഭിഷേകസമയത്ത് ആസ്വാദകലോകം വേദിയിലേയ്ക്ക് പുഷ്പവ്യഷ്ടി നടത്തിയാണ് സ്വീകരിച്ചത്. തിരുവുത്സവചടങ്ങുകള്ക്കുപയോഗിക്കുന്ന കുട, ആലവട്ടം, വെഞ്ചാമരം എന്നിവയെല്ലാം ഈ കഥകളിക്കായി ഉപയോഗിക്കുന്നു. പട്ടാഭിഷേകത്തിനായി വെള്ളിക്കുടത്തില്‍ തീര്‍ത്ഥകുളത്തില്‍ നിന്നുള്ള തീര്‍ത്ഥം ഉപയോഗിക്കുന്നതും ഈ വേദിയിലെ കഥകളിയുടെ പ്രത്യേകതയാണ്.