ഇരിങ്ങാലക്കുട മണ്ഡലത്തിലും ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷൻ; മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി എട്ട് പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷൻ. തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരമ്പ് സബ് സ്റ്റേഷൻ അങ്കണത്തിലാണ് 29.05 ലക്ഷം രൂപ ചിലവിൽ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്.നിലവിൽ രാജ്യത്ത് വിപണിയിലുള്ളതും സമീപ ഭാവിയിൽ പ്രതീക്ഷിക്കുന്നതുമായ എല്ലാവിധ കാറുകളും ഓപ്പറേറ്റർമാർ ഇല്ലാതെ ,മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവർത്തിക്കുന്ന സ്റ്റേഷനിലൂടെ ചാർജ്ജ് ചെയ്യാൻ സാധിക്കും.കെ എസ്ഇബിയുടെ നേത്യത്വത്തിൽ ജില്ലയിൽ 113 കേന്ദ്രങ്ങളിലാണ് ഇ വി ചാർജ്ജിംഗ് ശൃംഖല ഒരുക്കുന്നത്. സബ്- സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷൻ്റെ ഉദ്ഘാടനം ഹിച്ചു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഇന്ധനവില വർധന സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കാനും കഴിയുന്ന വൈദ്യുതി വാഹനങ്ങളുടെ സ്വീകാര്യത ലോകത്ത് വർധിച്ച് വരികയാണെന്നും ഇവയുടെ ഉപയോഗത്തിനും വിപണിയുടെ ഉണർവിനും ചാർജ്ജിംഗ് സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഇതിനായി വിപുലമായ പദ്ധതിയാണ് കേരളത്തിൽ കെഎസ്ഇബി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാർജ്ജ് ചെയ്യാൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി വൈദ്യുതി പോസ്റ്റുകളിൽ സജ്ജീകരിക്കുന്ന എട്ട് പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെൻ്ററുകളും ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ് അധ്യക്ഷനായിരുന്നു.ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പ്രവീൺ എം എ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് അംഗങ്ങളായ സുപ്രഭ സുഖി, സുനിത ടി എസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ കെ അരവിന്ദാക്ഷൻ, പി കെ വിക്രമൻ എന്നിവർ ആശംസകൾ നേർന്നു.തൃശ്ശൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ ദിനേശ് സ്വാഗതവും ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനിയർ പി കെ സുധർമ്മൻ നന്ദിയും പറഞ്ഞു.