കൂത്തമ്പലങ്ങളിലെ ജാതി വിലക്ക്; അമ്മന്നൂർ ഗുരുകുലം ഡയറക്ടർ സ്ഥാനം വേണുജി രാജി വച്ചു; ദേവസ്വം കമ്മീഷണറിൽ നിന്ന് അനുകൂലമറുപടി ലഭിച്ചില്ലെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ; വിഷയത്തിൽ സമവായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ…
ഇരിങ്ങാലക്കുട: കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് നീക്കാൻ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൻ്റെ കുലപതിയും ഡയറക്ടറുമായിരുന്ന വേണുജി തൽസ്ഥാനം രാജി വച്ചു.1982 ൽ ഗുരു അമ്മന്നൂർ മാധവ ചാക്യാരുമൊന്നിച്ച് ഗുരുകുലത്തിൻ്റെ മുഖ്യ സ്ഥാപകരിൽ അവശേഷിക്കുന്ന എക വ്യക്തിയായ വേണുജിയെ ആജീവനാന്ത സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. 2011 ൽ 29 വർഷം വേതനമില്ലാതെ സേവനമനുഷ്ഠിച്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വേണുജി ഗുരുകുല കലാകാരൻമാരുടെ ഒരു ജനറൽ കൗൺസിലിന് അധികാരം കൈമാറുകയായിരുന്നു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ജോലി രാജി വച്ച് ഗുരുകുലം സെക്രട്ടറിയായി പ്രവർത്തിച്ച വേണുജി കൂടിയാട്ടത്തിന് ദേശീയ അന്തർദേശീയ തലത്തിൽ ഖ്യാതി നേടുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.കലാപരമായ മേൽനോട്ടം മാത്രം ചുമതലയുള്ള കുലപതി സ്ഥാനം നൽകി ഗുരുകുലത്തിലെ കലാകാരൻമാർ വേണുജിയെ ആദരിച്ചിരുന്നു.കൂടിയാട്ട കലാകാരിയും വേണുജിയുടെ പുത്രിയുമായ കപില വേണുവും ഗുരുകുലത്തിൽ നിന്നും അംഗത്വം രാജി വച്ചിട്ടുണ്ട്.
കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് നീക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായം ഉയർന്നുവെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിലും തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലും ഇത് വരെ ഇത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും ഗുരുകുലത്തിൽ ഇപ്പോൾ പഠിക്കുന്ന പതിനൊന്ന് വിദ്യാർഥികൾക്കും നിലവിലെ സമ്പ്രദായം അനുസരിച്ച് കൂത്തമ്പലങ്ങളിൽ അവതരിപ്പിക്കാൻ പറ്റില്ലെന്നും എല്ലാവരും പഠനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണ് ഉള്ളതെന്നും വേണുജി ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.കൂത്തമ്പലത്തിലെ ജാതി വിലക്ക് സംബന്ധിച്ച വിവാദം ഉയർന്നതിനെ തുടർന്ന് ചാക്യാർ കുടുംബാംഗങ്ങളിൽ നിന്ന് വേണുജിക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ വിമർശനം ഉയർത്തിയിരുന്നു. ഗുരുകുലം സെക്രട്ടറിയായി തുടരാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും വേണുജി സൂചിപ്പിച്ചു.
അതേ സമയം കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണറുടെയും മന്ത്രിയുടെയും അഭിപ്രായം ഫെബ്രുവരിയിൽ തേടിയിരുന്നുവെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. നിലവിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്തി ഹൈന്ദവരിലെ അർഹരായ എല്ലാ കലാകാരൻമാർക്കും കൂത്തമ്പലം കലാവതരണത്തിന് സാധ്യമാക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും എന്നാൽ മാറ്റങ്ങൾ സമവായത്തിലൂടെ നടപ്പിലാക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും ഇത് വരെ സമവായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്നും അമ്മന്നൂർ കുടുംബാംഗങ്ങളും ഒരു വിഭാഗം തന്ത്രിമാരും എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നുവെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.