മഴ; മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; ഒരു വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു; കാറളത്ത് കിണറുകൾ ഇടിഞ്ഞു..
ഇരിങ്ങാലക്കുട: ദിവസങ്ങളായി തുടരുന്ന മഴയിൽ മുകുന്ദപുരം താലൂക്കിൽ കനത്ത നഷ്ടങ്ങൾ.ആമ്പല്ലൂർ വില്ലേജിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പടമാടൻ ജോർജ്ജിൻ്റെ വീട് പൂർണ്ണമായും തകർന്നു. നെല്ലായി വില്ലേജിൽ മാങ്കുഴി രജനിയുടെയും തെക്കുംകര വില്ലേജിൽ വാഴക്കാലിൽ മുഹമ്മദിൻ്റെയും വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വടക്കു ക്കര വില്ലേജിൽ മരം വീണ് തെക്കൻ വീട്ടിൽ ജോസഫിൻ്റെ വീടും ഭാഗികമായി തകർന്നിട്ടുണ്ട്. മുരിയാട് പഞ്ചായത്തിൽ മുടിച്ചിറയുടെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് അടുത്ത് താമസിക്കുന്ന തെക്കേത്തല ലിറ്റ്സനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചു.കാറളം പഞ്ചായത്തിൽ പത്താം വാർഡിൽ വട്ടപ്പറമ്പിൽ ജ്യോതി, കണ്ടംകുളത്തി ഈനാശു എന്നിവർ പൊതുവായി ഉപയോഗിക്കുന്ന കിണർ ഇടിഞ്ഞ് താഴ്ന്നു. കാറളം പഞ്ചായത്തിൽ തന്നെ എട്ടാം വാർഡിൽ കിഴുത്താണി പട്ടാട്ട് വീട്ടിൽ മിഥുൻ്റെ വീട്ടുകിണറും ഇടിഞ്ഞിട്ടുണ്ട്. കിണർ ഇടിഞ്ഞ സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ജല അതോറിറ്റിയിൽ നിന്നുള്ള കണക്ഷൻ നല്കാൻ നടപടികളായിട്ടുണ്ട്. മഴയിൽ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ക്ഷേത്രത്തിന് എതിർവശത്തുള്ള വേലാങ്കുളത്തിൻ്റെ മതിൽ ഇടിഞ്ഞിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണിത്.
താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും എവിടെയും ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കാൻ 29 വില്ലേജുകളും സജ്ജമാണെന്ന് താലൂക്ക് അധികൃതർ അറിയിച്ചു.