ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്;മുന്നണികൾ സജീവം; പ്രചരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് ..

ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്;മുന്നണികൾ സജീവം; പ്രചരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് ..

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണരംഗത്ത് മുന്നണികൾ സജീവം.ജോലി ലഭിച്ചതിനെ തുടർന്ന് എൽഡിഎഫ് അംഗം ഷീജ ശിവൻ രാജി വച്ചതിനെ തുടർന്നാണ് ആനന്ദപുരം ഡിവിഷനിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുരിയാട് പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളാണ് ഡിവിഷൻ്റെ പരിധിയിൽ വരുന്നത്. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫിൻ്റെ നിയന്ത്രണത്തിലാണ് ആനന്ദപുരം ഡിവിഷൻ.2019 ൽ 809 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയം നേടിയത്. വിജയ ചരിത്രം തുടരാൻ മുൻ സിഡിഎസ് മെമ്പറും സിപിഎം ബ്രാഞ്ച് അംഗവുമായ ഷീന രാജനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.സ്ഥാനാർഥി പര്യടനങ്ങളും റാലികളും സ്ക്വാഡ് പ്രവർത്തനങ്ങളും കുടുംബയോഗങ്ങളുമായി എൽഡിഎഫ് കളത്തിൽ നിറഞ്ഞ് കഴിഞ്ഞു.
കോൺഗ്രസ്സ് മെമ്പറും കുടുംബശ്രീ പ്രവർത്തകയുമായ ശാലിനി ഉണ്ണികൃഷ്ണനെയാണ് ഡിവിഷൻ പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്.സ്ഥാനാർഥി പര്യടനങ്ങളും കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളുമായി യുഡിഎഫും സജീവമായിക്കഴിഞ്ഞു.
ഡിവിഷനിലെ 1,3,4 വാർഡുകളിൽ ലീഡ് ചെയ്യുമെന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ.
പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയും അധ്യാപികയുമായ ധന്യസ മണികണ്ഠനാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടാം വാർഡിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി കൂടിയായിരുന്ന ധന്യസ മൂന്ന് റൗണ്ട് പര്യടനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കുടുംബയോഗങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്ന് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.
5685 വോട്ടാണ് ആനന്ദപുരം ഡിവിഷനിലുള്ളത്. മെയ് 17 ന് ആനന്ദപുരം സെൻ്റ് ജോസഫ്സ് സ്കൂൾ, മുരിയാട് എയുപി സ്കൂൾ, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ, പാറേക്കാട്ടുക്കര പള്ളി ഹാൾ എന്നിവടങ്ങളിലായിട്ടാണ് വോട്ടിംഗ് നടക്കുന്നത്.18 ന് കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ വോട്ടെണ്ണൽ നടക്കും.

Please follow and like us: