ജീവിതാനുഭവങ്ങൾ പകർന്ന പാഠങ്ങളുമായി സ്കൂൾ കുട്ടികൾക്ക് മുന്നിൽ ഇന്നസെൻ്റ്…
ഇരിങ്ങാലക്കുട: അഞ്ചാം ക്ലാസ്സിൽ മൂന്ന് തവണ തോറ്റവൻ പിന്നീട് എഴുതിയ ‘ ക്യാൻസർ വാർഡിലെ ചിരി ‘ അഞ്ചാം ക്ലാസ്സിലെ തന്നെ പാഠപുസ്തകമായി തീർന്ന അനുഭവം സരസമായി വിവരിച്ച് നടൻ ഇന്നസെൻ്റ്. ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന അഞ്ച് ദിവസത്തെ അവധിക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മുന്നിലാണ് ഇന്നസെൻ്റ് മനസ്സ് തുറന്നത്. ” പട്ടണത്തിലെ സ്കൂളുകളിൽ ഗേൾസ് സ്കൂളിൽ പഠിക്കാൻ മാത്രം ഭാഗ്യം ലഭിച്ചിട്ടില്ല. ആദ്യം പഠിച്ചത് ലിറ്റിൽ ഫ്ളവർ സ്കൂളിൽ ആയിരുന്നു. തുടർന്ന് നാഷണലിൽ എത്തി.തോൽവികൾ തുടർന്നപ്പോൾ, പരാജയങ്ങൾ വിജയത്തിൻ്റെ മുന്നോടിയാണെന്ന് പറഞ്ഞാണ് ടീച്ചർ സമാധാനിപ്പിച്ചത്. സിനിമയും സാഹിത്യവും നാടകവും ആയിരുന്നു അന്നേ മനസ്സിൽ. സ്കൂളിൽ തന്നെ താമസിച്ചുള്ള പല ക്യാമ്പുകളിൽ പങ്കെടുത്തത് ഒട്ടേറെ അറിവുകൾ നേടാൻ സഹായിച്ചു. പലപ്പോഴും പുസ്തകങ്ങളിൽ നിന്ന് ഇത്തരം അറിവുകൾ ലഭിച്ചുവെന്ന് വരില്ല. രോഗിയോട് എങ്ങനെ പെരുമാറണമെന്ന് പലർക്കും അറിയില്ല. തന്നെ എറണാകുളത്ത് വന്ന് കണ്ട ഒരു കോളേജ് അധ്യാപിക ചികിൽസിച്ചിട്ടും മരണമടഞ്ഞ സഹോദരൻ്റെ കാര്യമാണ് പറഞ്ഞത്. എത് സർവകലാശാലയിൽ നിന്നാണ് ടീച്ചർ ബിരുദമെടുത്തതെന്നാണ് ടീച്ചറോട് ചിരിച്ച് കൊണ്ട് തിരിച്ച് ചോദിച്ചത്. ആ സർവകലാശാല കത്തിച്ച് കളയാനാണ് ചോദിച്ചതെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളോട് ഇങ്ങനെ പറയാൻ പാടില്ലെന്നും താൻ പറഞ്ഞു. നമ്മൾ ആരാകണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം.നടൻമാരുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ടായി 18 വർഷമാണ് പ്രവർത്തിച്ചത്. സ്കൂളിൽ സ്കൗട്ട്സിലും മറ്റും പ്രവർത്തിച്ചത് ഒക്കെ ഗുണകരമായി. അംഗങ്ങൾ തന്നെ സ്നേഹിച്ചത് കൊണ്ടാണ് അത്രയും കാലം അമ്മയുടെ നേത്യത്വത്തിൽ തുടരാൻ കഴിഞ്ഞത്.പേടിപ്പിച്ച് ഭരിക്കാൻ കഴിയില്ലെന്നും ജീവിതാനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ കുട്ടികൾക്ക് പകർന്ന് കൊണ്ട് ഇന്നസെൻ്റ് പറഞ്ഞു. ക്യാമ്പിൻ്റെ മൂന്നാം ദിനത്തിൽ മുഖ്യാതിഥിയായിട്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കുട്ടികൾക്ക് എത്തിയത്. പ്രധാന അധ്യാപകരായ ബിന്ദു പി ജോൺ, ഹേന കെ ആർ, സീനിയർ അസിസ്റ്റൻ്റ് വൃന്ദ, പിടിഎ പ്രസിഡണ്ട് വി വി റാൽഫി ,വിദ്യാർഥിനി മാനസ മുരളി എന്നിവർ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വ്യത്യസ്തങ്ങളായ കലാപരിപാടികളും ക്ലാസ്സുകളും അടങ്ങിയ ക്യാമ്പ് മെയ് 13 ന് സമാപിക്കും.