ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടൽ ഇരിങ്ങാലക്കുടയിൽ;വിശക്കുന്ന മനുഷ്യൻ്റെ വിശപ്പാറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട: സർക്കാരിൻ്റെ വിശപ്പുരഹിതം -നമ്മുടെ കേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിൻ്റെ സംരംഭമായ സുഭിക്ഷ ഹോട്ടലിൻ്റെ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ജില്ലയിൽ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുന്നത്. ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടലാണ് ഇരിങ്ങാലക്കുട തെക്കെ അങ്ങാടിയിൽ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണ സംഘം കെട്ടിടത്തിൽ ആരംഭിച്ചിരിക്കുന്നത്. സംഘത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന ഹോട്ടലിൽ പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ ഉച്ചയൂണ് ലഭിക്കും. വിശക്കുന്ന മനുഷ്യൻ്റെ വിശപ്പാറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രാഥമികമായ ഉത്തരവദിത്വമാണെന്ന് സുഭിക്ഷ ഹോട്ടലിൻ്റെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചൂണ്ടിക്കാട്ടി. എറ്റവും അർഹരായവർക്ക് സൗജന്യമായി ആഹാരം വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കാനുള്ള ആലോചന ഉണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി, നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഓട്ടോ സഹകരണ സംഘം പ്രസിഡണ്ട് സി എം ഷക്കീർ ഹുസൈൻ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ആൻ്റോ നന്ദിയും പറഞ്ഞു.