ഇരിങ്ങാലക്കുടയിൽ വഴുതന വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു; ദേവസ്വം ഭൂമിയിൽ ഉദ്യാനം സജ്ജമാക്കുന്നത് കാർഷികവകുപ്പിൻ്റെ സഹകരണത്തോടെ…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് , കേരള കാർഷിക സർവ്വകലാശാല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ വഴുതന ഇനങ്ങളുടെ ഒരു പ്രദർശന ഉദ്യാനം സജ്ജമാക്കുന്നു.
ഇതിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വഴുതന വൈവിദ്ധ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ വകുപ്പുകളുടെ സമ്പൂർണ്ണ സഹകരണത്തോടെ വഴുതനയിലെ ജൈവവൈവിധ്യം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ക്ഷേത്രത്തിലെ വഴിപാടിനും, അന്നദാനത്തിനും ആവശ്യമായ പച്ചക്കറികൾക്കായി ലഭ്യമായ സ്ഥലങ്ങളിലാകെ തന്നെ സുരക്ഷിത മാർഗങ്ങൾ അനുവർത്തിച്ചു കൊണ്ടുള്ള പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോന് വഴുതന തൈ നൽകിക്കൊണ്ട് നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻറ് ഡയറക്ടർ മിനി എസ് , കേരള കാർഷിക സർവ്വകലാശാലയിലെ ഡോ. സ്മിത ബേബി , ഡോ. സുമ, ദേവസ്വം ഭരണസമിതി അംഗം അഡ്വ. അജയകുമാർ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുഗീത എം തുടങ്ങിയവർ സംസാരിച്ചു