2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയ, കുഷ്ഠരോഗങ്ങളെ പൂർണമായും നിർമാർജ്ജനം ചെയ്യും: മന്ത്രി വീണാ ജോർജ്
ചാലക്കുടി: 2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയരോഗം, കുഷ്ഠരോഗം എന്നിവ പൂർണമായും നിർമാർജ്ജനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഓക്സിജൻ പ്ലാൻ്റിൻ്റെയും സി എസ് എസ് ഡി, ഇ സി ആർ പി വിഭാഗങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിന്ന് ഏതാനും രോഗങ്ങളെ തുടച്ചു നീക്കാനുള്ള ദൗത്യം സർക്കാർ ആരംഭിച്ച് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഇതിനായി കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമെന്നും ആരോഗ്യപ്രവർത്തകരുടെ അനിവാര്യമായ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആർദ്രം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളെ ഘട്ടം ഘട്ടമായി വികസിപ്പിക്കും. ഇതിനായുള്ള മൂന്നാംഘട്ട പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മൾട്ടി സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ ആശുപത്രികളിൽ സജ്ജമാക്കുമെന്നും മെഡിക്കൽ കോളേജുകളെ കൂടുതൽ ശാക്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, ബ്ലോക്ക് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ആശുപത്രി സൂപ്രണ്ട് എൻ എ ഷീജ തുടങ്ങിയവർ പങ്കെടുത്തു.