ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി; ആരോഗ്യമന്ത്രി വീണാ ജോർജ്

ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി; ആരോഗ്യമന്ത്രി വീണാ ജോർജ്

പുതുക്കാട്: ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബ്ലോക്ക് തല ആരോഗ്യമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പൊതുസമൂഹം ഒന്നാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആരോഗ്യസംരക്ഷണത്തോടൊപ്പം തന്നെ  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ശുചിത്വമുളള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജീവിത ശൈലീ രോഗങ്ങൾ തിട്ടപ്പെടുത്താനുള്ള ആരോഗ്യ സർവേ സംസ്ഥാന തലത്തിൽ ഉടനെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തിന്റെ ഭാഗമായാണ് ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. വിവിധ ആരോഗ്യ സേവനങ്ങളെപ്പറ്റിയും സർക്കാരിന്റെ ആരോഗ്യ പദ്ധതികളെപ്പറ്റിയും ജനങ്ങളിൽ അവബോധം വളർത്തിയെടുക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

മേളയോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, എക്സിബിഷൻ എന്നിവ
ടി എൻ പ്രതാപൻ എം പി, കെ കെ രാമചന്ദ്രൻ എം എൽ എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പുതുക്കാട് എം എൽ എ ക്യാമ്പ് ഓഫീസിൽ നിന്നാരംഭിച്ച റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷനായ ചടങ്ങിൽ  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ്  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

 

*കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ ആരോഗ്യമന്ത്രി നാടിനു സമർപ്പിച്ചു*

ജില്ലയിലെ ഒൻപത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ ആരോഗ്യ കുടുംബക്ഷേമ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. വെങ്ങിണിശ്ശേരി, കൈതയ്ക്കൽ, എടക്കഴിയൂർ, കട്ടപ്പുറം, പള്ളിക്കുന്ന്, കാഞ്ഞിരപ്പിള്ളി, പോർക്കുളം, മുനയ്ക്കൽ, ആർത്താറ്റ് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി ഓൺലൈനായി നിർവ്വഹിച്ചത്.

മാതൃശിശു സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകൾ, കുടുംബാസൂത്രണ മാർഗങ്ങൾ, ജീവിത ശൈലീരോഗ നിർണയ ക്യാമ്പ്, ഗർഭിണികൾക്കുള്ള ക്ലിനിക്ക്,  കൗമാരപ്രായക്കാർക്കുള്ള ആരോഗ്യ ക്ലിനിക്ക്,  വയോധികർക്കുള്ള ക്ലിനിക്ക്  തുടങ്ങി സേവനങ്ങൾ ഇവിടെ ലഭ്യമാകും.

പഞ്ചായത്ത് തലങ്ങളിൽ നടന്ന ചടങ്ങുകൾക്ക് എംഎൽഎമാരായ സി സി മുകുന്ദൻ, ഇ  ടി ടൈസൺ മാസ്റ്റർ, എ സി മൊയ്തീൻ, എൻ കെ അക്ബർ, ടി ജെ സനീഷ് കുമാർ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് – പഞ്ചായത്ത് അംഗങ്ങൾ, വകുപ്പുദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: