ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണം മുടങ്ങിയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാദപ്രതിവാദങ്ങൾ; ഭരണസമിതിയുടെ വീഴ്ചയെന്ന് പ്രതിപക്ഷം;പദ്ധതി കിഫ്ബിയുടെതെന്നും കൗൺസിൽ അറിഞ്ഞിരുന്നില്ലെന്നും ഭരണപക്ഷം; മെയ് 30 ന് മുമ്പ് പദ്ധതി രൂപീകരണ നടപടികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനം.

ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണം മുടങ്ങിയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാദപ്രതിവാദങ്ങൾ; ഭരണസമിതിയുടെ വീഴ്ചയെന്ന് പ്രതിപക്ഷം;പദ്ധതി കിഫ്ബിയുടെതെന്നും കൗൺസിൽ അറിഞ്ഞിരുന്നില്ലെന്നും ഭരണപക്ഷം; മെയ് 30 ന് മുമ്പ് പദ്ധതി രൂപീകരണ നടപടികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനം.

ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിശിത വിമർശനങ്ങളുമായി നഗരസഭ യോഗത്തിൽ പ്രതിപക്ഷം.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്കിടയിലാണ് പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തിയത്.നിശ്ചിത അജണ്ടകൾക്ക് മുൻപായി തന്നെ നഗരസഭ യോഗങ്ങളുടെ മിനുറ്റ്സ് അവ്യക്തതകൾ നിറഞ്ഞതാണെന്ന് ബഡ്ജറ്റ് ചർച്ചയുടെയും വയോമിത്രം പദ്ധതിയുടെയും അഭിഭാഷക പാനലുമായി ബന്ധപ്പെടുത്തി വന്ന തീരുമാനങ്ങളും ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ചൂണ്ടിക്കാട്ടി. ചെയർപേഴ്സൺ പറയുന്നത്തു പോലെയല്ല സംഭവിക്കുന്നതെന്നും കാര്യങ്ങൾ സുതാര്യമായി നടക്കണമെന്നും കെ ആർ വിജയ പറഞ്ഞു. തുടർന്ന് സംസാരിച്ച ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും വ്യാജ മിനുറ്റ്സാണ് ഇവിടെ എഴുതി ഉണ്ടാക്കുന്നതെന്നും ചെയർപേഴ്സൺ പറയുന്നതാണ് മിനുറ്റ്സ് എന്നതാണ് സെക്രട്ടറിയുടെ നിലപാടെന്നും ഇത് മുൻസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പറഞ്ഞു.ബിജെപി അംഗം ആവശ്യമില്ലാത്ത വാക്കുകളും ആരോപണങ്ങളുമാണ് ഉന്നയിക്കുന്നതെന്നും വയോമിത്രം ക്യാമ്പുകൾ പൊതു ഇടങ്ങളിൽ നടത്തുന്നതാണ് ഉചിതമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഇക്കാര്യം ബന്ധപ്പെട്ട കൗൺസിലർമാരും ഗുണഭോക്താക്കളും തീരുമാനിക്കട്ടെയെന്നുമാണ് ജില്ലാ കോർഡിനേറ്റർ തന്നെ വ്യക്തമാക്കിയിരുന്നതെന്നും ചെയർപേഴ്സൺ മറുപടി നല്കി.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണ്ണിൻ്റെ പ്രശ്നത്തിൽ ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണം നിലച്ചതും യോഗത്തിൽ വാദ-പ്രതിവാദങ്ങൾക്ക് കാരണമായി.
കരാറുകാരൻ വിഷയം നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് ചെയർപേഴ്സൺ പറഞ്ഞുവെങ്കിലും നഗരസഭയുടെ വീഴ്ചയാണ് സംഭവത്തിൽ പ്രകടമാക്കുന്നതെന്നും എസ്റ്റിമേറ്റിൽ മണ്ണിൻ്റെ കാര്യം പറഞ്ഞിരുന്നില്ലെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ കുറ്റപ്പെടുത്തി. കഴിഞ്ഞ കൗൺസിലിൽ തന്നെ താൻ വിഷയം അവതരിപ്പിച്ചിരുന്നതാണെന്നും മണ്ണിൻ്റെ റിപ്പോർട്ട് തയ്യാറാക്കാൻ മുനിസിപ്പൽ എഞ്ചിനീയർക്ക് ചെയർപേഴ്സൻ നിർദ്ദേശം നല്കിയെങ്കിലും റിപ്പോർട്ട് ഇതു വരെ കിട്ടിയില്ലെന്നും തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ സഹിഷ്ണുതയോടെ കേൾക്കാൻ ചെയർപേഴ്സൺ തയ്യാറാകണമെന്നും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ എൽഡിഎഫ് അംഗം അഡ്വ ജിഷ ജോബി പറഞ്ഞു. എന്നാൽ ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണ പ്രവൃത്തി കൗൺസിൽ അറിഞ്ഞതല്ലെന്നും കിഫ്ബിയുടെ വർക്കാണെന്നും നിർവ്വഹണച്ചുമതല കിലയ്ക്കാണെന്നും പണികൾ സ്തംഭിച്ചതിൻ്റെ ഉത്തരവാദിത്വം നഗരസഭ എഞ്ചിനീയറുടെ തലയിൽ കെട്ടിവയ്ക്കാൻ പറ്റില്ലെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.കൗൺസിൽ അറിയാത്ത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എന്തിനാണ് തയ്യാറാക്കിയതെന്ന് ഭരണകക്ഷി അംഗം എം ആർ ഷാജു ചോദിച്ചു. നഗരസഭയിൽ നടക്കുന്നത് മുഴുവൻ നാടകങ്ങളാണെന്ന് ഈ ഘട്ടത്തിൽ സി സി ഷിബിൻ കുറ്റപ്പെടുത്തി. നിറത്തിൻ്റെയും ശരീരപ്രകൃതിയുടെയും പേരിൽ തന്നെ വൈസ്‌ -ചെയർമാൻ ആക്ഷേപിച്ചുവെന്ന് ചർച്ചകൾക്കിടയിൽ എൽഡിഎഫ് അംഗവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ അംബിക പള്ളിപ്പുറത്ത് ആരോപിച്ചു. എന്നാൽ തൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് വൈസ് – ചെയർമാൻ വിശദീകരിച്ചു.
2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി ഈ മാസം 9 നും വർക്കിംഗ് ഗ്രൂപ്പുകൾ 11 നും വാർഡ് സഭകൾ 22 നുള്ളിലും വികസന സെമിനാർ 30 നും വിളിച്ച് ചേർക്കാൻ യോഗം തീരുമാനിച്ചു.
പി ടി ജോർജ്,സുജ സഞ്ജീവ്കുമാർ, ജെയ്സൻ പാറേക്കാടൻ, അൽഫോൺസ തോമസ്, നെസീമ കുഞ്ഞുമോൻ, ടി കെ ഷാജു, രാജി ക്യഷ്ണകുമാർ, ബൈജു കുറ്റിക്കാടൻ, ബിജു പോൾ അക്കരക്കാരൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: