ഉപതിരഞ്ഞെടുപ്പ്; തുറവൻകാട് വാർഡ് പിടിച്ചെടുക്കാൻ മുന്നണികൾ; വികസനവും മുടിച്ചിറ നവീകരണവും പ്രചരണ വിഷയങ്ങൾ..
ഇരിങ്ങാലക്കുട : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുരിയാട് പഞ്ചായത്തിലെ പതിമൂന്നാം നമ്പർ തുറവൻകാട് വാർഡ് പിടിക്കാൻ പ്രധാനമുന്നണികൾ. പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് കൂടിയായ ഷീല ജയരാജിൻ്റെ അപകടമരണത്തോടെയാണ് കാലങ്ങളായി ഇടതുപക്ഷത്തിൻ്റെ നിയന്ത്രണത്തിലുള്ള വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.വാർഡ് നിലനിറുത്താൻ ഷീല ജയരാജിൻ്റെ മരുമകളും എംസിഎ ബിരുദധാരിയുമായ റോസ്മി ജയേഷിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കൺവെൻഷനും രണ്ട് റൗണ്ട് പ്രചരണവും പൂർത്തിയാക്കി എൽഡിഎഫ് പ്രചരണത്തിൽ സജീവമായിക്കഴിഞ്ഞു.പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലേക്ക് കടക്കുന്ന മുടിച്ചിറ നവീകരണ പ്രവർത്തനങ്ങളുമെല്ലാം അനുകൂലഘടകങ്ങളാണെന്നും വാർഡിൽ വിജയം ആവർത്തിക്കുമെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിച്ച് പറയുന്നുണ്ട്.
സാമൂഹ്യ പ്രവർത്തകയായ ഷിജി ജോർജിനെയാണ് വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫ് അവതരിപ്പിക്കുന്നത്. കൺവെൻഷനും രണ്ട് റൗണ്ട് പ്രചരണവും യുഡിഎഫും പൂർത്തിയാക്കി കഴിഞ്ഞു.പഞ്ചായത്തിൻ്റെ വികസന പരാജയവും മുടിച്ചിറ നവീകരണം പൂർത്തിയാക്കാൻ കഴിയാത്തതും പദ്ധതി ഫണ്ട്നഷ്ടപ്പെടുത്തിയതുമെല്ലാംഉയർത്തിക്കാണിച്ചാണ് യു ഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്.ഇത്തവണ വാർഡ് പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് വ്യത്തങ്ങൾ.
തുറവൻകാട് വാർഡിന് വേണ്ടിയുള്ള പോരാട്ടത്തിന് തീവ്രത പകരാൻ ബിജെപി യും സജീവമായി രംഗത്തുണ്ട്.ബികോം ബിരുദധാരിയായ ദേവിക സിബിയെയാണ് വാർഡിൻ്റെ ചരിത്രം മാറ്റിയെഴുതാൻ ബിജെപി അവതരിപ്പിച്ചിട്ടുള്ളത്. ഇടതുപക്ഷം കാലങ്ങളായി ഭരണം കയ്യാളുന്ന വാർഡിന് യാതൊരു മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും കല്ലേരിക്കടവ് പദ്ധതി യാഥാർഥ്യമായിട്ടില്ലെന്നും മുടിച്ചിറ നവീകരണം അനിശ്ചിതമായി നീളുകയാണെന്നും കേന്ദ്രപദ്ധതികൾ ഒന്നും തന്നെ വോട്ടർമാരിലേക്ക് എത്തുന്നില്ലെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. ഒരു റൗണ്ട് പ്രചരണം പൂർത്തിയാക്കി കൺവെൻഷനിലേക്ക് കടക്കുകയാണ് ബിജെപി.
1479 വോട്ടർമാരാണ് വാർഡിലുള്ളത്.104 വോട്ടിനാണ് കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചത്.പതിനേഴംഗ ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് 10 ഉം യുഡിഎഫിന് 6 ഉം അംഗങ്ങളാണുള്ളത്.മെയ് 17 ന് തുറവ്കാട് സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.