ബോയ്സ് സ്കൂൾ വരാന്തയിൽ അപരിചിതന്റെ മരണം കൊലപാതകം; പാലക്കാട് സ്വദേശി അറസ്റ്റിൽ;പത്ത് ദിവസത്തിനുള്ളിൽ കേസ് തെളിയിച്ച് ഇരിങ്ങാലക്കുട പോലീസ്

ബോയ്സ് സ്കൂൾ വരാന്തയിൽ അപരിചിതന്റെ മരണം കൊലപാതകം; പാലക്കാട് സ്വദേശി അറസ്റ്റിൽ;പത്ത് ദിവസത്തിനുള്ളിൽ കേസ് തെളിയിച്ച് ഇരിങ്ങാലക്കുട പോലീസ്


ഇരിങ്ങാലക്കുട : സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ അപരിചിതനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെ (25 വയസ്സ്) ആണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ രൂപീകരിച്ച ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു .കെ.തോമസ്, ഇൻസ്പെക്ടർ എസ്.പി. സുധീരൻ എന്നിവരുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശി അജയകുമാറാണ് (50 വയസ്സ്) കൊല്ലപ്പെട്ടത്. കളവു കേസ് അടക്കം കുറച്ചു കേസ്സുകളിലെ പ്രതിയായ ഇയാൾ വഴിയോരത്ത് ചെറിയ കച്ചവടവും നടത്തിയിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം..ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. രാവിലെ സ്കൂൾ വരാന്തയിൽ അബോധാവസ്ഥയിൽ ഒരാൾ കിടക്കുന്നതറിഞ്ഞാണ് പോലീസ് എത്തിയത്. ശരീരത്തിലെ ചെറിയ പരിക്കുകൾ കണ്ടത് ആദ്യം മുതലേ പോലീസിന് സംശയം ജനിപ്പിച്ചു. പോസ്റ്റ് മാർട്ടത്തിൽ നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് തെളിഞ്ഞിരുന്നു. എന്നാൽ മരിച്ചയാളുടെ പേരും നാടും അറിയാത്തത് അന്വേഷണ സംഘത്തെ കുഴക്കി. ഇവിടെ നിന്നാണ് പോലീസ് മരിച്ചയാളുടെ സഞ്ചാരവഴിയിലൂടെ പുറകോട്ട് നടന്നത്. ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാര സ്ഥാപനങ്ങളിലും വഴിപോക്കരോടും ടാക്സിക്കാരോടും അന്വേഷിച്ച പോലീസ് സംഘം സി.സി.ടി. ക്യാമറകൾ പരിശോധിച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ വരെ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയെ പിടികൂടുവാൻ ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരിങ്ങാലക്കുട എസ്.ഐ. എം.എസ്.ഷാജൻ, ക്ളീറ്റസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. പി.ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ.കെ.എസ്. ഉമേഷ്, എം.വി. മാനുവൽ, ഷറഫുദ്ദീൻ ഇരിങ്ങാലക്കുട സ്റ്റേഷനിലെ എ.എസ്.ഐ. ജസ്റ്റിൻ, സീനിൽ സി.പി.ഒ രാഹുൽ, സി.പി.ഒ അനൂപ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: