ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത് 53 ലക്ഷം രൂപ ചിലവിൽ ..
ഇരിങ്ങാലക്കുട : അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചിട്ടിരുന്ന മുനിസിപ്പൽ ടൗൺ ഹാളിൽ ഒടുവിൽ മോചനം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ടിരുന്ന ടൗൺ ഹാൾ പൊതുജനങ്ങൾ തുറന്ന് കൊടുത്തു.2019-20, 20-21 വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി 53 ലക്ഷത്തോളം രൂപയാണ് രാജീവ് ഗാന്ധി സ്മാരക ടൗൺ ഹാളിൻ്റെ നവീകരണത്തിനായി ചിലവഴിച്ചിരിക്കുന്നത്. ടൗൺ ഹാളിനുള്ളിലെ ശബ്ദ സംവിധാനങ്ങളിലെ അപാകതകൾ പരിഹരിക്കാനും പുതിയ ടൈലുകൾ വിരിക്കാനും സ്റ്റേജിലെ പണികൾക്കും വൈദ്യുതീകരണ പ്രവൃത്തികൾക്കും പുതിയ ടോയ്ലറ്റുകൾക്കും ഫാനുകൾ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാനുമാണ് തുക ചിലവഴിച്ചിരിക്കുന്നത്. സാധാരണക്കാരന് വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കുറഞ്ഞ ചിലവിൽ ആശ്രയിക്കാവുന്ന ടൗൺ ഹാൾ നാളുകളായി അടച്ചിട്ടതിൻ്റെ പേരിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. മൂന്ന് മണിക്ക് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നവീകരിച്ച ടൗൺ ഹാളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷനായിരുന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.