ഇരിങ്ങാലക്കുട ഠാണാ- ചന്തക്കുന്ന് വികസനം; പൊതുചർച്ചയിൽ വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതർ; നഷ്ടപരിഹാര വിതരണവും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന ആവശ്യം ഉയർത്തി പദ്ധതി ബാധിതർ; നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ന്യായമായ സമയത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി…
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതർ.അതേ സമയം നഷ്ടപരിഹാരവും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കണമെന്നും പദ്ധതി ബാധിതർ ആവശ്യപ്പെട്ടു. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിൻ്റെ റിപ്പോർട്ട് നിർവ്വഹണ എജൻസി ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിനെ തുടർന്ന് ലയൺസ് ക്ലബിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ വിളിച്ച് ചേർത്ത പൊതുചർച്ചയിലാണ് പദ്ധതി ബാധിതർ നിലപാടുകൾ വ്യക്തമാക്കിയത്. പട്ടണത്തിൻ്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന് ചർച്ചയിൽ പങ്കെടുത്ത ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, സെൻ്റ് തോമസ് കത്തീഡ്രൽ ട്രസ്റ്റി അഡ്വ ഹോബി ജോളി എന്നിവർ പറഞ്ഞു. പദ്ധതിക്ക് വേണ്ടി കൂടുതൽ ഭൂമി നഷ്ടപ്പെടുന്നത് സെൻ്റ് തോമസ് കത്തീഡ്രലിലാണെന്നും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും അഡ്വ ഹോബി ജോളി പറഞ്ഞു. നഷ്ടപരിഹാര തുക കൊടുത്ത് തീർത്തതിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പാടുള്ളൂവെന്നും വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എബിൻ വെള്ളാനിക്കാരൻ ആവശ്യപ്പെട്ടു.നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ ഇടയാക്കരുതെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പരിഷ്ക്യത സമൂഹത്തിൽ വികസന പദ്ധതികൾക്കായി ഭൂമി എറ്റെടുക്കേണ്ടി വരുമ്പോൾ നല്കേണ്ട നഷ്ടപരിഹാരത്തെ ക്കുറിച്ച് നിയമങ്ങൾ ഉള്ളതാണെന്നും നഷ്ടപരിഹാരത്തെ ക്കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി ചർച്ചകൾക്ക് മറുപടിയായി വ്യക്തമാക്കി.റോഡ് നിർമ്മാണം കെഎസ്ടിപിയുടെ നടന്ന് കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് എതിരായി ആരും രംഗത്ത് വന്നില്ലെന്നുള്ളതിനെ നാം കാണേണ്ടതുണ്ട്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അല്ലെങ്കിലും ന്യായമായ സമയത്ത് തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് – ചെയർമാൻ ടി വി ചാർലി, കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, പി ടി ജോർജ്, ഫെനി എബിൻ വെള്ളാനിക്കാരൻ, റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പ്രൊഫ. നാരായണൻ്റെ നേത്യത്വത്തിലാണ് പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂർത്തിയാക്കിയത്.