തൃശൂരിൽ കൊലപാതകത്തിനായെത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ
ചേർപ്പ് :തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30 വയസ്സ്),തൊട്ടിമലിയിൽ വീട്ടിൽ അച്ചു സന്തോഷ് (25 വയസ്സ്) തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (21 വയസ്സ്), മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (23 വയസ്സ്), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25 വയസ്സ്) ചെമ്പകപറമ്പിൽ വീട്ടിൽ നിഖിൽ ദാസ് (36 വയസ്സ്), തൃശൂർ ചേർപ്പ് സ്വദേശികളായ മാളിയേക്കൽ വീട്ടിൽ ജിനു ജോസ് (24 വയസ്സ്) മിജോ ജോസ് (20 വയസ്സ്) മേനോത്തുപറമ്പിൽ സജൽ (28 വയസ്സ) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു , എസ്.ഐ. ജെ.ജെയ്സ്സൻ എന്നിവർ പിടികൂടിയത്. തിങ്കളാഴ്ചയാണ് നാടിനെ കുലുക്കിയ സംഭവങ്ങളുടെ തുടക്കം. പുലർച്ചെ വെങ്ങിണിശ്ശേരിയിൽ ലോറിയിലിടിച്ച് സഞ്ചാര യോഗ്യമല്ലാതെ കിടന്ന കാർ പോലീസ് എത്തി പരിശോധിച്ചപ്പോൾ കൊടുവാൾ കണ്ടെത്തിയതോടെ ചേർപ്പ് ഇൻസ്പെക്ടറും എസ്.ഐ. യും സംഘവും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചും ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളും വച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ പെട്ട കാറിൽ നിന്ന് നിരവധി മാരക ആയുധങ്ങൾ മറ്റൊരു കാറിൽ കയറ്റി കുറച്ചുപേർ രക്ഷപ്പെട്ടതായി കണ്ടെത്തുന്നത്. ഇതിനിടെ രണ്ടാമത്തെ കാർ പല സ്ഥലങ്ങളിൽ കണ്ടെന്ന വിവരങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘത്തിന്റെ മുന്നിൽപ്പെട്ട അക്രമിസംഘത്തിന്റെ കാർ സി.ഐയും സംഘവും തടയാൻ ശ്രമിച്ചെങ്കിലും ചൊവ്വൂരിൽ റോഡു പണിക്കായി കൂട്ടിയിട്ട മൺ കൂനക്കു മുകളിലൂടെ കാർ കയറ്റി പ്രതികൾ രക്ഷപ്പെട്ടു. ഇതോടെ രണ്ടു വാഹനങ്ങളിലായി പിൻതുടർന്ന പോലീസ്സംഘത്തിൽ എസ്.ഐ.യുടെ ജീപ്പ് മുന്നിൽ കയറ്റി പ്രതികളുടെ കാർ തടഞ്ഞു. എന്നാൽ ജീപ്പിലേക്ക് കാർ ഇടിച്ചു കയറ്റി എസ്.ഐ. ജെയ്സനേയും സംഘത്തേയും അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പ്രതികളെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ടു പിടികൂടി. ഇതോടെയാണ് പോലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ചോദ്യം ചെയ്യലിൽ തങ്ങൾ പിടിച്ചവർ സംസ്ഥാനത്ത് നിരവധി കൊലപാതകം കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ പോലീസിനെ ആക്രമിച്ച കേസ്സുകളിലെ അടക്കം കൊടും ക്രിമിനലുകളാണെന്ന് അറിയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിരവധി കേസ്സുകളിലെ പ്രതിയും ചേർപ്പ് സ്വദേശിയുമായ യുവാവിനെ കൊലപ്പെടുത്തുവാൻ എത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു.. ഇപ്പോൾ അറസ്റ്റിലായ മാളിയേക്കൽ ജിനു, മിജോ എന്നിവർ സാക്ഷികളായ കൊലപാതകക്കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാൽ കഥ കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ചേർപ്പ് സ്വദേശി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നു ഇവർ തമ്മിൽ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിരുന്നു. ഇതിൽ പ്രകോപിതനായ ജിനു സെൻട്രൽ ജയിലിൽ വച്ചുള്ള സൗഹൃത്തായ കുപ്രസിദ്ധ ഗുണ്ട ഏറ്റുമാനൂർ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചു വരുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ചേർപ്പ് സ്വദേശിയെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ മുങ്ങി നടന്നു. രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീണ്ടും ഇരയെ തേടിയുള്ള യാത്രയിലാണ് ലോറിയിലിടിച്ച് കാറിന് കേടുപാട് സംഭവിക്കുന്നതും. സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതും. ഇതേ തുടർന്ന് നാട്ടിലേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ പോലീസ് സാഹസികമായി പിടികൂടിയത്.
പോലീസ് ജീപ്പിലിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ അഞ്ചു പ്രതികളാണ് ആദ്യം പിടിയിലായത്. അപ്പോഴും കുപ്രസിദ്ധ ക്രിമിനലുകളായ അച്ചു സന്തോഷും ജിനു ജോസ് , മിജോ ജോസ് സജൽ എന്നിവർ പിടി കൊടുക്കാതെ നടക്കുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി സർവ്വ സന്നാഹങ്ങളോടെ ഇവരുടെ വാസസ്ഥലം വളഞ്ഞ് ഏറെ ശ്രമകരമായി നാലു പേരേയും പിടി കൂടുകയായിരുന്നു. ഉറക്കമില്ലാത്ത രാത്രി ആയിരുന്നെങ്കിലും 9 പ്രതികളേയും ബുധനാഴ്ച പുലർച്ചക്കു മുൻപേ പിടികൂടാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് പോലീസ് . സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ എസ്.പി. പി.സി.ബിജുകുമാർ സംഭവ സ്ഥലത്തി. പ്രതികൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച എസ്.ഐ. ജെയ്സൻ, സി.പി.ഒ ഷാനി എന്നിവർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ഇൻസ്പെക്ടർമാരായ ടി.വി.ഷിബു , അനീഷ് കരീം, എസ് ഐ.മാരായ ജെ.ജെയ്സൻ, ടി.ജി.ദിലീപ്, സൈമൺ, പി.ജെ. ഫ്രാൻസിസ് , എ.എസ്.ഐ.മാരായ കെ.പി. രാജു, പി.വി.രാജു , വിനോദ്, ഗിരീഷ്, സജീപാൽ, ജയകൃഷ്ണൻ ,സീനിയർ സി.പി. ഒ മാരായ എ.എച്ച് ആരിഫ്, രജനീഷ്, ഷാനവാസ്, ഷാനി,സരസപ്പൻ , സെൽവകുമാർ, മുഹമ്മദ് അഷറഫ്, വിനോദ്, നിബിൻ, നവാസ് ശരത്ത് . പി.വി. വികാസ് .സോണി സേവ്യർ , ഉമേഷ് .കെ.എസ്,ഇ.എസ്.ജീവൻ, കമൽ , മാനുവൽ, ജിബിൻ,എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.