കൂത്തമ്പലങ്ങളിലെ ജാതി വിലക്ക്; കാലാനുസാരിയായ മാറ്റങ്ങൾ കലകളിലും പ്രതിഫലിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു; സമവായം കൊണ്ട് വിഷയം പരിഹരിക്കാൻ കഴിയില്ലെന്ന് കൂടിയാട്ട കുലപതി വേണുജി…
ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് വിഷയം സമവായത്തിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് കൂടിയാട്ട കുലപതി വേണുജി.” കൂടിയാട്ടം – ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് വേണുജി തൻ്റെ നിലപാട് വ്യക്തമാക്കിയത്. ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ കലാവതരണത്തിന് നേരിടുന്ന ജാതി വിവേചനത്തെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സെമിനാർ .വിവാദത്തെ തുടർന്ന് കൂടിയാട്ട കലാകാരൻമാർ തന്നെ രണ്ട് തട്ടിലായിരിക്കുകയാണ്. പാരമ്പര്യം കൊണ്ട് മാത്രം ആരും പ്രതിഭയായി മാറുന്നില്ല. ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്നെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കണം. വിഷയം പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎ യും കൂടിയായ മന്ത്രി ഡോ. ആർ ബിന്ദു ഇടപെടണമെന്നും ചർച്ചയിൽ പങ്കെടുത്ത് വേണുജി ആവശ്യപ്പെട്ടു.
സാമൂഹ്യ വ്യവസ്ഥകളിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലാനുസാരിയായ മാറ്റങ്ങൾ കലകളിലും പ്രതിഫലിക്കേണ്ടതുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. കാലഗതിക്ക് അനുസരിച്ചുള്ള രൂപാന്തരങ്ങൾ എറെ പഴക്കമുള്ള കൂടിയാട്ടത്തിൽ സംഭവിച്ചിട്ടുണ്ട്. ജാതി വിലക്ക് വിഷയത്തിന് ചർച്ചകളിലൂടെ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മണ്ണാത്തിക്കുളത്തിന് അടുത്ത് വാൾഡനിൽ നടന്ന സെമിനാറിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം രേണു രാമനാഥ് അധ്യക്ഷയായിരുന്നു.പ്രൊഫ. ജോർജ് എസ് പോൾ, ഡോ എം എൻ വിനയകുമാർ, ഖാദർ പട്ടേപ്പാടം, കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.