സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ അധ്യാപക സമൂഹത്തിൻ്റെ കടമ ഓർമ്മിപ്പിച്ച് മന്ത്രി ഡോ. ആർ ബിന്ദു;പ്ലസ് ടു വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്പ്മെൻ്റ് സെൽ ബോയ്സ് സ്കൂളിൽ തുടങ്ങുന്നത് സംബന്ധിച്ച് സ്കൂൾ അധികൃതരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നും വിമർശനം..
ഇരിങ്ങാലക്കുട: സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ അധ്യാപക സമൂഹത്തിൻ്റെ കടമ ഓർമ്മിപ്പിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങായിരുന്നു വേദി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർന്നപ്പോൾ, ബോയ്സ് സ്കൂൾ ആനുപാതികമായി മുന്നോട്ട് പോയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.രണ്ടായിരത്തോളം കുട്ടികൾ വരെ പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് ഹൈസ്കൂളിൽ നൂറിൽ താഴെ വിദ്യാർഥികൾ മാത്രമാണുള്ളത്.സ്കൂളിൻ്റെ വികസനത്തിന് ലഭ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനും ജനപ്രതിനിധികളുടെ ശ്രദ്ധ വിദ്യാലയങ്ങളിലേക്ക് കൊണ്ട് വരാനും അധ്യാപകർക്ക് കഴിയണം. സർക്കാർ ശ്രമങ്ങളുടെ ഭാഗമായി അഞ്ചരലക്ഷത്തോളം കുട്ടികൾ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്ന് കഴിഞ്ഞു.ഉയർന്ന വിജയശതമാനം തന്നെയാണ് പൊതുവിദ്യാലയങ്ങളും നേടുന്നത്. പ്ലസ് ടു വിദ്യാർഥികളുടെ തൊഴിൽപരമായ നൈപുണ്യം വർധിപ്പിക്കാൻ ലക്ഷ്യമാക്കി പ്രത്യേക സെൽ ബോയ്സ് സ്കൂളിൽ തുടങ്ങാൻ ആലോചിച്ചപ്പോൾ സൗകര്യമില്ലെന്ന മറുപടിയാണ് സ്കൂൾ അധികൃതരിൽ നിന്ന് ലഭിച്ചത്.ഈ സമീപനം തിരുത്തപ്പെടേണ്ടതാണ്. ചൂട് കാലത്ത് കറുത്ത് കോട്ട് അണിഞ്ഞ് പെൺകുട്ടികൾ വരുന്നത് ഒഴിവാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. വിദ്യാർഥി കേന്ദ്രീക്യതമായിരിക്കണം പൊതു വിദ്യാലയങ്ങളിലെ പഠനം. പരിപാടികളുടെ അജണ്ട വരെ അധ്യാപക കേന്ദ്രീകൃതമായിട്ടാണ് ഇപ്പോഴും തുടരുന്നത്. തൻ്റെ അസൗകര്യം കൊണ്ടാണ് ശിലാസ്ഥാപനചടങ്ങ് നീണ്ട് പോയതെന്ന നഗരസഭ ചെയർപേഴ്സൻ്റെ പരാമർശം ശരിയല്ലെന്നും സ്കൂളിൻ്റെ വികസനത്തിന് സംയോജിത പദ്ധതികൾ ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ ആശയ വിനിമയത്തിൻ്റെ അഭാവം ഉണ്ടാകാൻ പാടില്ലെന്നും ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. വൈസ് – ചെയർമാൻ ടി വി ചാർലി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, അഡ്വ ജിഷ ജോബി, സ്കൂൾ പ്രിൻസിപ്പാൾ എ കൃഷ്ണനുണ്ണി, പ്രധാന അധ്യാപിക എം രജിത, പിടിഎ പ്രസിഡണ്ട് റെജി സെബാസ്റ്റ്യൻ, വൈസ് – പ്രസിഡണ്ട് ബിന്ദു ഹിജീഷ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡണ്ട് പ്രൊഫ. ജോസ് തെക്കേത്തല തുടങ്ങിയവർ സംസാരിച്ചു.