കല്ലടിക്കോടൻ ശൈലിയെക്കുറിച്ചുള്ള സിമ്പോസിയവും ദശപുരസ്കാര സമർപ്പണവുംകൊണ്ട് ധന്യമായി കഥകളി ക്ലബിന്റെ 47-ാം വാർഷികം; മനുഷ്യരെ കൂട്ടിയിണക്കുന്ന പാലങ്ങളായി മാറാൻ കലകൾക്കും സാംസ്കാരിക സംഘടനകൾക്കും കഴിയണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട: ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ 47 – മത് വാർഷികം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ കലാമണ്ഡലം ഹരിദാസ് മദ്ദളത്തിലും കലാമണ്ഡലം ശിവദാസ് ചെണ്ടയിലും കീനൂർ ഉണ്ണികുട്ടൻ ഇരിങ്ങാലക്കുട അനിൽ എന്നിവർ താളത്തിലും ഇരിങ്ങാലക്കുട അജയ് വലംതലയിലുമായി കേളി ആരംഭിച്ചതോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ഉത്തരാസ്വയംവരത്തിലെ ചെല്ലിയാട്ടത്തിൽ യുവകലാകാരന്മാർ പങ്കെടുത്തു. ഉച്ചയ്ക്ക് “കല്ലടിക്കോടൻ ശൈലിയിലേക്ക് ഒരു തിരനോട്ടം” എന്ന വിഷയത്തിൽ പ്രൊഫ എ. ജനാർദ്ദനൻ (കലാക്ഷേത്ര) അവതാരകനായി കലാമണ്ഡലം ആദിത്യന്റെ സഹായത്തോടെ നടന്ന സിംപോസിയം അരങ്ങേറി. കഥകളിയിലെ അന്യവല്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യ ശൈലിയിലേക്ക് വെളിച്ചം വീശുന്നതരത്തിലായിരുന്നു സിംപോസിയം.
വൈകീട്ട് ക്ലബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി അദ്ധ്യക്ഷനായും പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായും നടന്ന പൊതുസമ്മേളനം ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പത്ത് മുതിര്‍ന്ന കഥകളി വേഷകലാകാരന്മാര്ക്കുള്ള പുരസ്ക്കാരങ്ങള്‍ മന്ത്രി സമർപ്പിച്ചു .
മനുഷ്യരേയും മനുഷ്യമനസ്സുകളെയും കൂട്ടിയിണക്കുന്ന പാലങ്ങളാകണം കലയും സാംസ്ക്കാരിക സംഘടനകളും എന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോക്ടർ ആർ. ബിന്ദു പറഞ്ഞു.
കഥകളിയിലെ എഴുപത് താണ്ടിയ മുതിർന്ന കലാകാരന്മാരായ പ്രൊഫസർ എ. ജനാർദ്ദനൻ കലാക്ഷേത്ര, ആർ.എൽ.വി. ദാമോദരപ്പിഷാരടി, സദനം രാമൻകുട്ടി, ഫാക്ട് പത്മനാഭൻ, കലാനിലയം ഗോപാലകൃഷ്ണൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻപ്പിള്ള, കാവുങ്കൽ ദിവാകരപ്പണിക്കർ, കല്ലുവഴി വാസു, കൊട്ടാരക്കര ഗംഗ എന്നിവരെയാണ് ഡോക്ടർ കെ.എൻ.പിഷാരടി സ്മരക പുരസ്കാരത്തിലൂടെ ആദരിച്ചത്. ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം ശിവദാസിനും പി. ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോമന്റ് സദനം അശ്വിനും സമ്മാനിച്ചു.ഫാക്ട് പദ്മനാഭൻ, മുരളി മാസ്റ്റർ, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ സ്വാഗതവും എ.എസ്. സതീശൻ നന്ദിയും പറഞ്ഞു.
കലാനിലയം മനോജ് ഭീമനായും ശൈലേഷ് ധർമ്മപുത്രരായും കല്യാണസൗഗന്ധികത്തിലെ “ശൗര്യഗുണം” അരങ്ങിൽ അവതരിപ്പിച്ചു. ശേഷം നടന്ന ഉത്തരാസ്വയംവരം കഥകളിയിൽ കലാമണ്ഡലം നീരജ് ദുര്യോധനനായും കലാമണ്ഡലം ആദിത്യൻ ഭാനുമതിയായും കലാമണ്ഡലം വിപിൻ ശങ്കർ ദൂതനും വലലനുമായും ഹരികൃഷ്ണൻ കർണ്ണനും വിരാടനുമായും കലാനിലയം സുന്ദരൻ ത്രിഗർത്തനായും യദുകൃഷ്ണൻ, സൂരജ്, അജയ് ശങ്കർ എന്നിവര്‍ സഭാവാസികളായും രംഗത്ത് വന്നു. കലാനിലയം രാജീവൻ, കലാമണ്ഡലം വിശ്വാസ്, കലാനിലയം സഞ്ജയ് എന്നിവർ സംഗീതത്തിലും സദനം രാമകൃഷ്ണൻ, കലാമണ്ഡലം ശ്രീഹരി, സദനം അശ്വിൻ എന്നിവർ ചെണ്ടയിലും കലാനിലയം പ്രകാശൻ, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം രാമദാസ് നമ്പീശൻ എന്നിവർ മദ്ദളത്തിലുമായി കഥകളിക്ക് പശ്ചാത്തലമേളമൊരുക്കി. കലാനിലയം വിഷ്ണു കലാമണ്ഡലം ഷിബു എന്നിവർ ആയിരുന്നു ചുട്ടി.