ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ ഭർത്താവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു..

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ
ഭർത്താവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു..

ഇരിങ്ങാലക്കുട: ഭാര്യയോടുള്ള വിരോധത്താൽ ഭാര്യയുടെ അച്ഛന്റെ കൺമുമ്പിൽ വച്ച് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി
ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു
(43) വിനെ ജീവപര്യന്തം കഠിന തടവിനും ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും
ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ്
ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 4 വർഷം കൂടി തടവുശിക്ഷ അനുഭവിക്കാനും
ഉത്തരവായി. കൂടാതെ മരണപ്പെട്ട ജീതുവിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
2018 എപ്രിൽ 29 നാണ്
നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കോടശ്ശേരി കജോളി വീട്ടിൽ ജനാർദ്ദനൻ മകൾ ജീതുവും (32 വയസ്സ്) ബിരാജുവും തമ്മിൽ വിവാഹിതരായതിനു ശേഷം അഭിപ്രായഭിന്നതകളെ തുടർന്ന് ഇരുവരും യോജിച്ച്
ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു.പിന്നീട് ജീതു 2018 എപ്രിൽ 29 ന് കുണ്ടുകടവിൽ കുടുംബശ്രീമീറ്റിംഗിന്എത്തിച്ചേരുന്നുണ്ടെന്ന വിവരം അറിഞ്ഞ പ്രതി ചെങ്ങാലൂരിലുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങി കുപ്പികളിലാക്കി ജീതു കുടുംബശ്രീ മീറ്റിംഗിനു വരുന്ന വീടിനു
സമീപമുള്ള പറമ്പിൽ ഒളിച്ചിരിക്കുകയും മീറ്റിംഗ് കഴിഞ്ഞ് ഉച്ചക്ക് രണ്ടരയോടെ
റോഡിലേക്ക് ഇറങ്ങി വന്ന ജീതുവിന്റെ ദേഹത്ത് പെട്രോൾ കുടഞ്ഞാഴിക്കുകയും
പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീതുവിനെ കൈയിൽ കരുതിയിരുന്ന
സിഗരറ്റ് ലാമ്പ് കൊണ്ട് പ്രതി തീ കൊളുത്തുകയുമാണ് ചെയ്തത്. രക്ഷപ്പെടുത്താൻ വന്ന
ആളുകളെ പ്രതി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. ജീതുവിനൊപ്പം വന്ന അച്ഛൻ
ജനാർദ്ദനനും മറ്റും ചേർന്ന് ജീതുവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ്
ഹോസ്പിറ്റലിലും പിന്നീട് തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും
ചികിത്സിച്ചുവെങ്കിലും 2018 എപ്രിൽ 30 ന് പൊള്ളലിന്റെ കാഠിന്യത്താൽ മരണപ്പെടുകയായിരുന്നു.
കൃത്യം നിർവ്വഹിച്ച ശേഷം ബോംബെയിലേക്ക്
രക്ഷപ്പെട്ട് പ്രതിയെ
സമർത്ഥമായിട്ടാണ് പോലീസ് പിടി കൂടിയത്. ആയതിനു ശേഷം ജാമ്യം
ലഭിക്കുന്നതിനായി പ്രതി സുപ്രീം കോടതി വരെ സമീപിച്ചുവെങ്കിലും പ്രതിക്ക് ജാമ്യം
നൽകാതെ വിചാരണ നടത്തുകയാണ് ഉണ്ടായത്.
പുതുക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ആർ. സുജിത്കുമാർ
രജിസ്റ്റർ ചെയ്ത കേസ് പോലീസ് ഇൻസ്പെക്ടർ എസ്.പി. സുധീരന്റെ നേതൃത്വത്തിലാണ്
അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും
35 സാക്ഷികളെ വിസ്തരിക്കുകയും 65 രേഖകൾ തെളിവിൽ മാർക്ക് ചെയ്യുകയും 11 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു. മരണപ്പെട്ട ജീതുവിന്റെ മരണമൊഴിയും
ദൃക്സാക്ഷിയായ പിതാവ് ജനാർദ്ദനന്റെയും, കുടുംബശ്രീ മീറ്റിംഗിനു വന്ന പഞ്ചായത്ത്
മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെയും മൊഴികൾ കേസിൽ നിർണ്ണായക തെളിവുകളായി പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കേസിൽ
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി,
അഡ്വക്കറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനൽ, എബിൻ ഗോപുരൻ എന്നിവർ
ഹാജരായി.

Please follow and like us: