ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി..
ഇരിങ്ങാലക്കുട: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താലുള്ള വിരോധത്താൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ചെങ്ങാലൂർ കുണ്ടുകടവ്
പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു (43) വിനെ കുറ്റക്കാരെനെന്ന്
ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ്
കണ്ടെത്തി.2018 എപ്രിൽ 29 ന് 2.30 നാണ് സംഭവം നടന്നത്. ഭാര്യ നീതുവിനെ മനഃപൂർവ്വം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി
പ്രതി ചെങ്ങാലൂരിലുള്ള ശാന്തി പെട്രോൾ പമ്പിൽ നിന്നും 2 പ്ലാസ്റ്റിക് കുപ്പികളിലായി പെട്രോൾ
വാങ്ങി പ്ലാസ്റ്റിക് സഞ്ചിയിലാക്കി പ്രതിയുടെ കുണ്ടുകടവിലുള്ള വീട്ടിലെത്തി അവിടെ വച്ച്
ഒരു പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ രണ്ട് ചില്ല് കുപ്പികളിലായി പകർത്തി കൈവശം വച്ച് സിഗരറ്റ് ലാമ്പ് ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ച്, ചെങ്ങാലൂർ കുണ്ടുകടവിൽ നരശില
മഹാദേവ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നടന്നെത്തി പെട്രോളുള്ള പ്ലാസ്റ്റിക് കുപ്പി തിരിച്ചു പിടിച്ച് പെട്രോൾ കൂടുതൽ ഒഴിക്കുന്നതിനായി മൂട്
ഭാഗം കത്തി ഉപയോഗിച്ച് കുറച്ച് മുറിച്ചു മാറ്റി സ്ഥലത്ത് ഒളിച്ചു കാത്തിരുന്ന്
ചെങ്ങാലൂർ കുണ്ടുകടവ് റോഡിലേക്ക് ഭാര്യ ഇറങ്ങി വന്ന സമയം ഭാര്യയുടെ അടുത്തേക്ക് ഓടി വന്ന് റോഡിൽ വച്ച് കൈവശം സൂക്ഷിച്ചു
വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ ഭാര്യയുടെ ദേഹത്ത് കുടഞ്ഞൊഴിക്കുകയും ഓടി
രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയുടെ പിന്നാലെ ഓടിച്ചെന്ന് കുപ്പിയിലെ ബാക്കിയുള്ള പെട്രോൾ കൂടി ഒഴിച്ച് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് ലാമ്പ് എടുത്ത് തീ കൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയെ ആദ്യം ചാലക്കുടി സെന്റ്
ജെയിംസ് ഹോസ്പിറ്റലിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർ
എസ്.പി. സുധീരൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം
നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ.ജിഷ ജോബി എന്നിവർ ഹാജരായി.