ചാലക്കുടിയിൽ വ്യാപക ഇരുചക്രവാഹനമോഷണം: പ്രതി പിടിയിൽ;പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ നസി ;തിരിച്ചറിഞ്ഞത് നൂറ്റമ്പത് കിലോമീറ്ററകലെ തമിഴ് നാട്ടിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നും…

ചാലക്കുടിയിൽ വ്യാപക ഇരുചക്രവാഹനമോഷണം: പ്രതി പിടിയിൽ;പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ നസി
;തിരിച്ചറിഞ്ഞത് നൂറ്റമ്പത് കിലോമീറ്ററകലെ തമിഴ് നാട്ടിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നും…

 

ചാലക്കുടി: ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ മോഷണം ചെയ്ത് തമിഴ് നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പിടികൂടി. പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടിൽ ബ്ലാക്ക്മാൻ നസി എന്നറിയപ്പെടുന്ന നസീർ (43 വയസ്) ആണ് പിടിയിലായത്. അതിരപ്പിള്ളിയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ കൊച്ചു കൊച്ചുമോഷണങ്ങൾ നടത്തി വന്നിരുന്നതിനാലാണ് ബ്ലാക്ക്മാൻ എന്ന് വിളിപേര് വീണത്.

ചാലക്കുടി ആനമല ജംഗ്ക്ഷനിൽ നിന്നും ഒരു മാസം മുൻപ് കൂടപ്പുഴ സ്വദേശിയായ വ്യാപാരിയുടെ കടയുടെ സമീപത്തായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷണം പോയിരുന്നു. തുടർന്ന് ടൗണിലെയും പരിസരങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി വാഹനങ്ങൾ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലും പല സ്ഥലത്തു നിന്നും ഇരു ചക്രവാഹനങ്ങൾ മോഷണം പോയി കൊണ്ടിരുന്നു.

പ്രളയത്തെ തുടർന്ന് ടൗണിലെ നിർണ്ണായക സ്ഥലങ്ങളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമായത് അന്വേഷണത്തെ സാരമായി ബാധിച്ചു. ചാലക്കുടിയിലെപ്രധാന നിരത്തുകളിലും മറ്റും ലഭ്യമായ വ്യക്തമല്ലാത്ത ദൃശ്യങ്ങളിലെ മുഖം മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങളെ പിന്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും സിസിടിവി കാമറകളിൽ പെടാതിരിക്കാൻ പ്രധാന നിരത്തുകൾ ഒഴിവാക്കിയായിരുന്നു മോഷ്ടാവിന്റെ യാത്ര. ഇതിന്റെയടിസ്ഥാനത്തിൽ മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപെട്ടിരുന്നയാളാണ് മോഷ്ടാവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതിനാൽ ഒരു സംഘം മുൻ കാല കുറ്റവാളികളെ നിരീക്ഷിച്ച് വരികയും മറ്റൊരു സംഘം നിരത്തുകൾ കേന്ദീകരിച്ച് പരിശോധന തുടരുകയുമായിരുന്നു.

വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരള – തമിഴ്നാട് അതിർത്തികളിലെ പ്രധാനനിരത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ ക്ലേശകരമായ അന്വേഷണത്തിലാണ് ചാലക്കുടിയിൽ നിന്നും നൂറ്റമ്പതോളം കിലോമീറ്ററകലെ പൊള്ളാച്ചിക്കടുത്ത് ജമീൻഊത്തുക്കുളിക്കു സമീപമുള്ള നഞ്ചേഗൗണ്ടൻപുതുരിൽ നിന്നും പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.

എങ്കിലും സംശയിക്കപെട്ട മോഷ്ടാവായ നസിർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് വീണ്ടും അന്വേഷണ സംഘത്തിന്റെ ജോലി വീണ്ടും ദുരിതപൂർണ്ണമാക്കി. ഇയാൾ എത്താനിടയുള്ള സ്ഥലങ്ങൾ കേന്ദ്രികരിച്ച് ശക്തമായ നിരീക്ഷണം നടത്തിവന്നിരുന്നെങ്കിലും നസീർ വാൽപാറയ്ക്ക്സമീപം ജനവാസം കുറവായ പുതുത്തോട്ടം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം മോഷണത്തിനായി വേഷപ്രഛന്നനായി ചാലക്കുടിയിലെത്തി മേൽപാലത്തിനു താഴെ നിന്നും പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രത്യേകാന്വേഷണ സംഘം പിടികൂടുകയായിരുന്നു.

ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്.ഐമാരായ സിദ്ദിഖ് അബ്ദുൾ ഖാദർ, ജിനു മോൻ തച്ചേത്ത്, ജോഫി ജോസ്, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, പി.എം ഷിയാസ് ,എ.യു റെജി , ബിനു എം.ജെ, ഷിജോ തോമസ്, ടി.ടി. ബൈജു, വി.ദീപു, എന്നിവരടങ്ങിയ സംഘമാണ് വാഹനമോഷ്ടാവിനെ പിടികൂടിയത്.

ജനത്തിരക്കേറിയ സ്ഥലങ്ങളിലൂടെ വേഷ പ്രഛന്നനായി സഞ്ചരിച്ച് താക്കോൽ ഊരിമാറ്റാതെയും അല്ലാതെയും കടകൾക്കും മറ്റും മുൻവശം പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ തിരഞ്ഞുപിടിച്ചാണ് ഇയാൾ മോഷണം നടത്തി വന്നിരുന്നത്.

മോഷണം നടത്തിയ വാഹനങ്ങൾ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും മറ്റിടങ്ങളിലും വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. മുൻപ് മോഷണക്കുറ്റത്തിന് രണ്ടായിരത്തി പന്ത്രണ്ടിൽ ചാലക്കുടി പോലീസിന്റെ പിടിയിലായിരുന്നു നസി. കൂടാതെ അതിരപ്പിള്ളി സ്റ്റേഷനിലും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

മോഷ്ടിച്ചു കിട്ടുന്ന പണം ലഹരിക്കും ആർഭാടജീവിതത്തിനുമാണ് ഉപയോഗിച്ചുവന്നിരുന്നത് . ചാലക്കുടിയിൽ നിന്നും മോഷണംപോയ വാഹനങ്ങളെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ തമിഴ്നാട്ടിൽ നിന്നും ഇയാൾ വാഹനങ്ങൾ മോഷ്ടിച്ചതായി വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.
പിടിയിലായ നസിയെ വൈദ്യപരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കും.

Please follow and like us: