സുന്ദരിയായി ക്ലിയോപാട്ര; കടൽയാത്രയുടെ പുതിയ ലോകം തീർത്ത് മുസിരിസ്

സുന്ദരിയായി ക്ലിയോപാട്ര; കടൽയാത്രയുടെ പുതിയ ലോകം തീർത്ത് മുസിരിസ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കടൽയാത്രയുടെ പുതിയ ലോകം തീർത്ത് ക്ലിയോപാട്രയും മുസിരിസ് പൈതൃക പദ്ധതിയും. കോട്ടപ്പുറത്ത് നിന്നും കടലിലേക്കുള്ള ആദ്യ സഞ്ചാര സംവിധാനമാണ് ക്ലിയോപാട്ര എന്ന ആഡംബര യാത്രാ ബോട്ടിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയും കേരളാ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും സംയുക്തമായാണ് കടൽയാത്രാ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പുറം ആംഫി തീയേറ്റർ പരിസരത്ത് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ക്ലിയോപാട്രയുടെ കന്നിയാത്ര വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ
ഫ്‌ളാഗ് ഓഫ് ചെയ്തു.

മുസിരിസിന്റെ വിനോദസഞ്ചാ മേഖലയിലെ സാധ്യതകൾ കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോട്ടപ്പുറത്ത് നിന്നും ഈ കടൽ യാത്ര പദ്ധതി ആരംഭിക്കുന്നതെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു. കോട്ടപ്പുറം ഫോർട്ട്ജെട്ടിയിൽ നിന്നും ആരംഭിച്ച് കടലിലേക്ക് രണ്ട് മണിക്കൂർ
ദൈർഘ്യം ഉള്ള യാത്രകളാണ് ക്ലിയോപാടയിലൂടെ വിഭാവനം ചെയ്യുന്നത്. സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തുന്നതാണ് പാക്കേജ്. എ സി, നോൺ എ സി ഇരിപ്പിട സംവിധാനം, യാത്രാവേളയിൽ ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ യാനത്തിൽ ഉണ്ടാകും. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും യാനത്തിലുണ്ടാകും. നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ ടിക്കറ്റ് നിരക്ക് വ്യക്തി ഒന്നിന് 400 രൂപയാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയുള്ള സമയങ്ങളിൽ യാത്രാ സൗകര്യം ലഭ്യമാണ്.

സാധാരണ ടിക്കറ്റ് പ്രകാരമുള്ള യാത്രക്ക് പുറമെ രണ്ട് പാക്കേജ് യാത്രകളും ക്ലിയോപാട്ര മുസിരിസ് ക്രൂയിസിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കോളജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ് ക്രൂയിസ് പാക്കേജ് പ്രത്യേകമായിട്ടുണ്ട്. ഇതിൽ 50 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടി വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ 19,999 രൂപ മാത്രമാണ് ഈടാക്കുക. ഇതിന് പുറമെ അധികമായി വരുന്ന ഓരോ ആൾക്കും 250 രൂപ മാത്രമാണ് അധികമായി ഈടാക്കുക. എക്‌സ്ക്ലൂസീവ്
പാക്കേജിൽ 50 വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ യാത്ര പാക്കേജിന് 24,999 രൂപയാണ് ഈടാക്കുന്നത്. ഈ പാക്കേജിൽ 50 പേരിൽ കൂടുതലായി യാത്ര ചെയ്യുന്ന ഓരോ ആൾക്കും 300 രൂപ വീതം അധികം നൽകിയാൽ മതി. ഈ രണ്ട് പാക്കേജിനും ഉച്ചഭക്ഷണം കൂടെ ഇതിനൊപ്പം ഉൾപ്പെടും. മുസിരിസ് പദ്ധതിയ്ക്ക് ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളായിരിക്കും കോട്ടപ്പുറത്ത് ക്ലിയോപാട്രയുടെ സഞ്ചാര സംവിധാനങ്ങൾക്കും ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778413160, 9846211143.

കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ് മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർമാരായ എൽസി പോൾ, വി എം ജോണി, ജി എസ് സജീവൻ, കെ.എസ്.ഐ.എൻ.സി എ ഇ ജയകൃഷ്ണൻ കെ, കമേഴ്‌സ്യൽ മാനേജർ സിറിൽ മാത്യു, മുസിരിസ് പൈതൃക പദ്ധതി
മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർമാരായ സജ്‌ന വസന്തരാജ്, നിമ്മി എം ബി എന്നിവർ പങ്കെടുത്തു.

Please follow and like us: