വികസന വിപ്ലവത്തെയും മതേതര നാട്യങ്ങളെയും വിമർശിച്ച് റഹ്മാൻ ബ്രദേഴ്സിൻ്റെ ‘ ചവിട്ട് ‘; മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്…
ഇരിങ്ങാലക്കുട: വികസനവിപ്ലവത്തെയും മതേതര നാട്യങ്ങളെയും മലയാളിയുടെ സാംസ്കാരിക പൊങ്ങച്ചങ്ങളെയും നിശിതമായി വിമർശിക്കുന്ന റഹ്മാൻ ബ്രദേഴ്സിൻ്റെ ‘ചവിട്ട് ‘ ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം ദിനത്തിൽ ശ്രദ്ധേയമായി.ചവിട്ട് കളി എന്ന കലാരൂപത്തിൻ്റെ സങ്കേതം ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രത്തിൽ മലപ്പുറം ആസ്ഥാനമായുള്ള ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തീയേറ്ററിലെ കലാകാരൻമാരാണ് അഭിനയിച്ചിട്ടുള്ളത്.നാടക കലാകാരൻമാരോടുള്ള അവഗണനയും ചിത്രം പറഞ്ഞ് വയ്ക്കുന്നുണ്ട്. ചില്ലറ സമരം എന്ന നാടകത്തിൻ്റെ അവതരണവുമായി ബന്ധപ്പെട്ടാണ് ചവിട്ടിൻ്റെ കഥ മുന്നോട്ട് പോകുന്നത്.ചലച്ചിത്ര താരം ഷറഫുദ്ദീനാണ് 81 മിനിറ്റ് സമയമുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്. മാസ് മൂവീസിൽ ചിത്രത്തിൻ്റെ പ്രദർശനത്തിന് ശേഷം നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ല ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഐ ജെ മധുസൂദനൻ ചിത്രത്തിൻ്റെ സംവിധായകൻ സജാസ് റഹ്മാനെയും ക്യാമറാമാൻ മുകേഷ് മുരളീധരനെയും ആദരിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജി സിബിൻ, രാജീവ് മുല്ലപ്പിള്ളി എന്നിവർ പങ്കെടുത്തു.തുടർന്ന് കന്നഡ ചിത്രമായ ഡോളുവും വൈകീട്ട് ജപ്പാനീസ് ചിത്രമായ ഡ്രൈവ് മൈ കാറും പ്രദർശിപ്പിച്ചു.ഫെസ്റ്റിവലിൻ്റെ ഭാഗമായി നാളെ മാസ് മൂവീസിൽ രാവിലെ 10 നും 12 നും ബംഗ്ലാദേശിൽ നിന്നുള്ള ചിത്രങ്ങളായ സോംഗ് ഓഫ് ദി സോൾ, നോ ഗ്രൗണ്ട് ബിനീത്ത് ദ ഫീറ്റ്, വൈകീട്ട് ഓർമ്മ ഹാളിൽ ബോസ്നിയൻ ചിത്രമായ ടേക്ക് മി സംവേർ നൈസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.