തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസികളുടെ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്ര പദയാത്ര

തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസികളുടെ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്ര പദയാത്ര

ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വക വെക്കാതെ മാര്‍തോമ സ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ഥകേന്ദ്രത്തിലേക്കു കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ നടത്തിയ പദയാത്ര ക്രൈസ്തവ വിശ്വാസ തീഷണതയുടെ സാക്ഷ്യമായി മാറി. നോമ്പിന്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് കൈകളില്‍ ജപമാലയും പേപ്പര്‍ പതാകയും കുരിശുമേന്തി ചുണ്ടില്‍ പ്രാര്‍ഥനകളുരുവിട്ടായിരുന്നു വിശ്വാസികള്‍ പദയാത്രയില്‍ അണിചേര്‍ന്നത്. രാവിലെ അഞ്ചിന് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ ചിഞ്ചു ആന്റു ചേറ്റുപുഴക്കാരനു പേപ്പല്‍ പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍, കരൂപ്പടന്ന, ചാപ്പാറ കോണ്‍വെന്റ്, കൊടുങ്ങല്ലൂര്‍ ടൗണ്‍ വഴി ഉച്ചക്ക് 11 ന് അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര അഴീക്കോട് മാര്‍തോമ തീര്‍ഥ കേന്ദ്രത്തില്‍ എത്തിചേര്‍ന്നപ്പോള്‍ റെക്ടര്‍ ഫാ. ഡേവീസ് കാച്ചപ്പിള്ളി സിഎംഐ സ്വീകരണം നല്‍കി. കത്തീഡ്രല്‍ ഇടവകയിലെ 68 കുടുംബസമ്മേളന യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം പേര്‍ പദയാത്രയില്‍ പങ്കെടുത്തു. വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന്‍ കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, ജോയിന്റ് കണ്‍വീനര്‍മാരായ സ്‌മൈലി ബേബി തെറ്റയില്‍, സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Please follow and like us: