മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര മേളക്ക് തുടക്കമായി; മലയാളത്തിലെ മുഖ്യധാര സിനിമ സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ആദ്യ ദിനത്തിൽ കൈയ്യടികൾ നേടി ‘ ദി പോർട്രെയിറ്റ്സ്’;കേരളത്തിന് സാംസ്കാരിക നയമില്ലെന്ന വിമർശനവുമായി സംവിധായകൻ ഡോ ബിജു..
ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാസ് മൂവീസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാന്തവല്ക്കരിക്കപ്പെടുന്നവരുടെ അനുഭവങ്ങൾ ആവിഷ്ക്കരിക്കാൻ മുൻപ് മലയാളസിനിമ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇന്ന് ജീവിതവുമായി പുലബന്ധമില്ലാത്ത പ്രമേയങ്ങൾക്കാണ് സ്വീകാര്യത ലഭിക്കുന്നതെന്നും ഇത് ലജ്ജാകരണമാണെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ അധ്യക്ഷനായിരുന്നു. മേളയുടെ ഭാഗമായി പുറത്തിറക്കുന്ന ഫെസ്റ്റിവൽ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു. ക്രൈസ്റ്റ് കോളേജിലെ ഫിലിം ക്ലബ് മെമ്പർ ആൻ സിൻഡ്രല്ല എറ്റ് വാങ്ങി.ഉദ്ഘാടന ചിത്രമായ ” ദി പോർട്രേയ്റ്റസ്’ ൻ്റെ സംവിധായകൻ ഡോ. ബിജു ദാമോദരൻ, കേരള ഷോർട്ട് ഫിലിം ലീഗിൻ്റെ അവാർഡ് നേടിയ ” ദി ലോ ” യുടെ നിർമ്മാതാവ് ഷാജു വാലപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. ബിജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. നടി സിജി പ്രദീപ്, മാസ് മൂവീസ് പ്രൊപ്രൈറ്ററും നിർമ്മാതാവുമായ റാഫേൽ പി തോമസ് എന്നിവർ ആശംസകൾ നേർന്നു. സൊസൈറ്റി പ്രസിഡണ്ട് വി ആർ സുകുമാരൻ സ്വാഗതവും വൈസ് – പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് നന്ദിയും പറഞ്ഞു.
മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ആദ്യ ദിനത്തിൽ കൈയ്യടികൾ നേടി ഉദ്ഘാടന ചിത്രമായ ‘ ദി പോർട്രെയ്റ്റസ്’. കർഷകസമരത്തോടുള്ള ഭരണകൂടത്തിൻ്റെ സമീപനവും ഖനനത്തെ തുടർന്ന് കടലെടുക്കുന്ന ആലപ്പാടൻ ഗ്രാമത്തിൻ്റെ ചിത്രമടക്കം രാജ്യത്തെ തീവ്ര യാഥാർത്ഥ്യങ്ങളെയാണ് സിനിമ ആവിഷ്ക്കരിക്കുന്നത്. കേരളത്തിന് വർഷങ്ങളായി സാംസ്കാരിക നയമില്ലെന്ന് നേരത്തെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ ബിജു ദാമോദരൻ വിമർശിച്ചു.ഇതിനായുള്ള ശ്രമങ്ങൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ്.ഇത്തരം ചിത്രങ്ങൾ റിലീസ് ചെയ്യാൻ അവസരം ലഭിക്കുന്നില്ല. ഇവ എറ്റെടുക്കൻ ചാനലുകളും തയ്യാറാവുന്നില്ല. രാഷ്ട്രീയ യാഥാർഥ്യങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുടെ നിർമ്മാണത്തെ പ്രോൽസാഹിപ്പിക്കുന്ന ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും ഡോ. ബിജു പറഞ്ഞു. തുടർന്ന് നിരവധി അംഗീകാരങ്ങൾ നേടിയ നീരജ് ഗ്വാൾ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ” ഫോർസം” പ്രദർശിപ്പിച്ചു. മേളയുടെ രണ്ടാം ദിനത്തിൽ ശനിയാഴ്ച രാവിലെ 10 ന് ദേശീയ അവാർഡ് നേടിയ മലയാള ചിത്രമായ കള്ളനോട്ടം, 12 ന് മറാത്തി ചിത്രമായ അവകാശ് എന്നിവ മാസ് മൂവീസിലും വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ ഇറ്റാലിയൻ ചിത്രമായ ” ദി ഹാൻഡ് ഓഫ് ഗോഡും’ പ്രദർശിപ്പിക്കും.