ദേശീയപണിമുടക്ക് തുടരുന്നു; ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവ് തന്നെ..
ഇരിങ്ങാലക്കുട: ഇരുപത്തിരണ്ടോളം തൊഴിലാളി സംഘടനകളെ അണി നിരത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു.” രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി ഞായർ രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. രണ്ടാം ദിവസവും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്.കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടന കഴിഞ്ഞ ദിവസം രാത്രി വ്യക്തമാക്കിയിരുന്നുവെങ്കിലും എതാനും കടകൾ മാത്രമാണ് തുറന്നിട്ടുള്ളത്.പെട്രോൾ പമ്പുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവാണ്. മുകുന്ദപുരം താലൂക്ക് ഓഫീസിൽ ആകെയുളള 195 പേരിൽ 187 പേരും പണിമുടക്കിലാണ്.താലൂക്കിലെ 28 വില്ലേജ് ഓഫീസുകളിൽ പറപ്പൂക്കര, നെന്മണിക്കര വില്ലേജ് ഓഫീസുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളുടെ നേത്യത്വത്തിൽ രണ്ടാം ദിവസവും നഗരത്തിൽ പ്രകടനം നടത്തി.