ക്ഷേത്രങ്ങളിൽ വിശ്വാസികളായ എല്ലാ മതസ്ഥർക്കും പ്രവേശനം നല്കണമെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി ;മതത്തിൻ്റെ പേരിൽ കലാകാരിക്ക് അവസരം നിഷേധിച്ച ശ്രീകൂടൽമാണിക്യദേവസ്വം നിലപാട് തിരുത്തണമെന്ന് ഹിന്ദു ഐക്യവേദിയും തപസ്യയും; നിലനില്ക്കുന്ന ആചാരങ്ങൾ നടപ്പിലാക്കുകയാണ് ചുമതലയെന്ന് ആവർത്തിച്ച് ദേവസ്വം ചെയർമാൻ; തന്ത്രി പ്രതിനിധിയുടെ രാജി ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണെന്നും സമവായത്തിലൂടെ കാലോചിതമായ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കില്ലെന്നും വിശദീകരണം..
ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളിൽ വിശ്വാസകളായ എല്ലാ മതസ്ഥർക്കും പ്രവേശനം നല്കണമെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി. പുറമേക്ക് വിപ്ലവം പറയുകയും മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും മതത്തിൻ്റെ പേരിൽ കലാകാരിക്ക് ന്യത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച ശ്രീ കൂടൽമാണിക്യദേവസ്വം നിലപാട് തിരുത്തണമെന്നും ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ: രമേശ് കൂട്ടാല, തപസ്യ സംസ്ഥാന സെക്രട്ടറി സി സി സുരേഷ് എന്നിവർ ദേവസ്വം ചെയർമാന് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയാകേണ്ടത് ക്ഷേത്രങ്ങളാണെന്നും കലയുടെ മാനദണ്ഡം ഒരിക്കലും ജാതിയും മതവുമായിരിക്കരുതെന്നും ഇരുവരും ദേവസ്വം നടപടിയെ അപലപിച്ച് കൊണ്ട് പറഞ്ഞു. എന്നാൽ നിലനില്ക്കുന്ന ആചാര അനുഷ്ഠാനങ്ങളും നിയമങ്ങളും നടപ്പിലാക്കുകയാണ് തൻ്റെ ചുമതലയെന്നും ക്ഷേത്രങ്ങൾ എല്ലാവർക്കും തുറന്ന് കൊടുക്കണമെന്ന അഭിപ്രായത്തെ താൻ സ്വാഗതം ചെയ്യുകയാണെന്നും ക്ഷേത്രത്തിലെ കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കുന്ന വിഷയത്തിൽ തന്ത്രി കുടുംബങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സമവായത്തിലൂടെ മാത്രമേ മാറ്റങ്ങൾ കൊണ്ട് സാധിക്കുകയുള്ളുവെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു. തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട് ഭരണസമിതിയിൽ നിന്ന് രാജി സമർപ്പിച്ചത് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ മാത്രമാണെന്നും കൂത്തമ്പല വിവാദത്തിൻ്റെ പേരിൽ അല്ലെന്നും രാജി സ്വീകരിച്ചിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു. സമവായത്തിലൂടെ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെയും തപസ്യയുടെയും നിവേദനം ഉടൻ തന്നെ ദേവസ്വം ഭരണസമിതി ചർച്ച ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.