ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് തുടങ്ങി; പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 വരെ..

ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് തുടങ്ങി; പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 വരെ..

ഇരിങ്ങാലക്കുട: “രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് മേഖലയിൽ പൂർണ്ണം. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. സ്വകാര്യബസ്സുകളും കെഎസ്ആർടിസി ബസ്സുകളും സർവീസ് നടത്തുന്നില്ല. ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ ആകെയുള്ള 87 ജീവനക്കാരിൽ മൂന്ന് പേർ മാത്രമാണ് ജോലിക്ക് ഹാജരായിട്ടുള്ളത്.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയിട്ടുള്ളത് .ഞായറാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് സമരം. സംസ്ഥാനത്തെ സർവീസ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പാൽ, പത്രം, ആശുപത്രി, മരണം, ആംബുലൻസ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മാർക്കറ്റിൽ നിന്ന് നടത്തിയ പ്രകടനം ആൽത്തറ പരിസരത്ത് സമാപിച്ചു.തുടർന്ന് ചേർന്ന യോഗം ടിയുസിസി സംസ്ഥാന സെക്രട്ടറി രാജൻ പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.സിഐടിയു എരിയ സെക്രട്ടറി കെ എ ഗോപി അധ്യക്ഷനായിരുന്നു. ഉല്ലാസ് കളക്കാട്ട്, ലത ചന്ദ്രൻ, പി ബി സത്യൻ, കെ എസ് പ്രസാദ് ഭരത്കുമാർ, ബിജു അക്കരക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: