മൂന്നാമത് ഇരിങ്ങാലക്കുട അന്താഷ്ട്ര ചലച്ചിത്രമേള എപ്രിൽ 1 മുതൽ 7 വരെ; പ്രദർശിപ്പിക്കുന്നത് 14 ഭാഷകളിൽ നിന്നായി 21 ചിത്രങ്ങൾ…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള എപ്രിൽ 1 മുതൽ 7 വരെ നടക്കും. ഇരിങ്ങാലക്കുട മാസ്സ് മൂവീസിലും ഓർമ്മ ഹാളിലുമായി പതിന്നാല് ഭാഷകളിൽ നിന്നായി 21 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. റോട്ടറി ഹാളിൽ സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എം എച്ച് ഹരീഷ് ഡെലിഗേറ്റ് പാസിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി ട്രഷറർ ടി ജി സച്ചിത്ത് എറ്റുവാങ്ങി. ഫെസ്റ്റിവൽ ഫേസ്ബുക്ക് പേജിൻ്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ നിർവഹിച്ചു.ഫെസ്റ്റിവൽ ബാഗിൻ്റെ വിതരണോദ്ഘാടനം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ വെട്ടത്തിന് നല്കി കൊണ്ട് ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാർ നിർവഹിച്ചു. ഫിലിം സൊസൈറ്റി വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട് ഫെസ്റ്റിവൽ വിശദീകരണം നടത്തി.സൊസൈറ്റി പ്രസിഡണ്ട് വി ആർ സുകുമാരൻ സ്വാഗതവും സെക്രട്ടറി നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.